പിണറായി സര്‍ക്കാരിനിപ്പോള്‍ എല്ലാത്തിലും ഒരു വ്യക്തതകുറവ് അനുഭവിക്കുന്നുണ്ട്. ആ കുറവിന്റെ പേരിലാണല്ലോ സെന്‍കുമാര്‍ കേസില്‍ തുടര്‍ ഹര്‍ജികളുമായി സുപ്രീം കോടതിയിലേക്ക് തുടരെ തുടരെ പോയത്. എന്നാല്‍ നാട്ടുകാര്‍ക്ക് സര്‍ക്കാരിനെക്കുറിച്ച് ചില വ്യക്തതകളൊക്കെ കിട്ടിത്തുടങ്ങിയിട്ടുണ്ട്. അതിലൊന്നാണ് സെന്‍കുമാര്‍ കേസില്‍ എന്തിന് സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍ പോയി എന്ന ചോദ്യത്തില്‍ മുഖ്യമന്ത്രി സഭയില്‍ കൊടുത്ത വിശദീകരണം. അത് കേട്ടിട്ട് വ്യക്തത കിട്ടിയില്ലെങ്കില്‍ അടുത്തത് വഴിയെ വരുന്നുണ്ട്. പോകരുത് എന്നഭ്യര്‍ഥിക്കുന്നു.
സംഗതി കേട്ടല്ലോ. അപ്പോ അതാണ് കാര്യം. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട്, ഇനിയിപ്പോ അത് സുപ്രീം കോടതി ആണെങ്കില്‍ പോലും എടുത്തുചാടി നടപ്പാക്കാന്‍ പറ്റില്ലെന്നാണ് പിണറായി പറയുന്നത്. നല്ല കാര്യം. അല്ലെങ്കില്‍ പിന്നെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ കൊള്ളാം. അല്ലാതെ മുഖത്തിട്ട് ഒരടികിട്ടിയാലും അതെന്തിനാണ് തന്നതെന്ന് തല്ലിയവനോട് ചോദിച്ച് മനസിലാക്കിയേ നമ്മുടെ സര്‍ക്കാര്‍ തിരിച്ച് തല്ലണോ അതോ ഒരടികൂടി വാങ്ങണോ എന്നക്കൊ ചോദിക്കുകയുള്ളു. അതുമാത്രമല്ല, സെന്‍കുമാറിനെ പണ്ട് ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് ജനവിധി മാനിച്ചായിരുന്നു എന്നുവരെ വ്യക്തത വരുത്തുന്ന ഒരു സര്‍ക്കാര്‍ കൂടിയാണിത്.
അപ്പോ ഒരു കാര്യത്തില്‍ വ്യക്ത വന്നല്ലോ. ഇനി അടുത്തത് ഒരു മാപ്പിനെച്ചൊല്ലിയാണ്. പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞോ ഇല്ലയോ. വാദങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ വക്കീല്‍ ഉപയോഗിച്ചത് അപ്പോളജൈസ് എന്ന ഇംഗ്ലീഷ് വാക്കാണ്. ആ വാക്കിന്റെ മലയാള അര്‍ഥം മാപ്പ് ചോദിക്കുന്നു ക്ഷമ യാചിക്കുന്നു എന്നൊക്കെയാണെങ്കിലും സര്‍ക്കാരിന്റെ മാപ്പ് ഇങ്ങനെയല്ലപോലും. ഇനി ആ വാക്കിന്റെ അര്‍ഥം എന്തെന്നറിയാന്‍ എംവി ജയരാജന് സഖാവിനെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളു.
മാപ്പ് വിഷയത്തില്‍ ഒരു കോടതിയെ അനുസ്മരിപ്പിക്കുന്ന പരിപാടികളാണ് സഭയില്‍ അരങ്ങേറിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കറുത്ത കോട്ടിട്ടില്ല എന്നേയുള്ളു, ലോപോയന്റുകള് പറയുന്നതില്‍ ഒരു കുറവുമുണ്ടായില്ല. ഇതൊക്കെ കേട്ടിരുന്ന സ്പീക്കര്‍ ഇരുകൂട്ടരോടും പ്രശ്നത്തില്‍ കൂടുതല്‍ വ്യക്തത തേടാനാണ് സാധ്യത. ചിലതൊന്നും മലസിലാവുന്നില്ല എന്നതാണല്ലോ സമീപകാലത്ത് സര്‍ക്കാര്‍ നേരിടുന്ന ഒരു വലിയ പ്രശ്നം.
സംഗതി പക്ഷേ ചീഫ് സെക്രട്ടറിക്ക് കത്തിയിട്ടുണ്ട്. അതുകൊണ്ട് സെന്‍കുമാര്‍ കേസില്‍ കോടതിയലക്ഷ്യം ഒഴിവാക്കാന്‍ നിരുപാധികം മാപ്പ് എഴുതികൊടുത്തു. പിണറായി പാവം ഒന്നും അറിഞ്ഞിട്ടില്ല. മാപ്പ് സംബന്ധിച്ച് പ്രതിപക്ഷത്തിന് ഒരു വ്യക്തതാ ഹര്‍ജി സമര്‍പ്പിക്കാവുന്നതാണ്.