ജോസ് കെ മാണി അങ്ങനെ തിരിച്ചെത്തി. ഇവിടെ എല്ലാം ഒപ്പിച്ചിട്ട് ലണ്ടനില്‍ പോയിരിക്കുകയായിരുന്നു. കോണ്‍ഗ്രസും കേരണ കോണ്‍ഗ്രസും തമ്മിലെ ബന്ധം ഒരു വഴിക്കായി എന്നുറപ്പായപ്പോള്‍ ആളു തിരിച്ചെത്തി. പിതാവ് മാണി ഇന്നലെ കടുംപിടിത്തമൊക്കെ വിട്ട കാര്യമൊന്നും മോന് ജോസ് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ജോസ് മോന് കടുപ്പത്തില്‍ തന്നെയാണ്. ഇന്നത്തെ ജോസ് കെ മാണിയുടെ ഡയലോഗോടെ കാര്യം പിടി കിട്ടി. ഇതൊക്കെ ആരുടെ ബുദ്ധിയാണെന്ന്
നിര്‍ഭാഗ്യകരമായിപ്പോയെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും പറഞ്ഞ് കെ എം മാണി ഇന്നലെ ഏതാണ്ടൊരു സോറി പറഞ്ഞിരുന്നു. പക്ഷേ ജോസ് കെ മാണി പറയുന്നത് ഇത് കോണ്‍ഗ്രസിനുള്ള മറുപടി തന്നെയെന്നാണ്. അതോടെ അച്ഛനും മകനും ഇക്കാര്യത്തില്‍ രണ്ടാണെന്നും വന്നു. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ കോണ്‍ഗ്രസുകാര്‍ പറയുന്നതില്‍ ഒരു തെറ്റും കാണാന്‍ പറ്റില്ല
ഭാഷയിലും ശരീരഭാഷയിലും പിതാവിനെപ്പോലെ ആകാന്‍ ജോസ് കെ മാണി നന്നായി ശ്രമിക്കുന്നുണ്ട്. പക്ഷേ ശ്രമം കൊണ്ടു മാത്രം പോരല്ലോ. കെ എം മാണി ഇടത്തും വലത്തും വീശുന്ന പഴഞ്ചൊല്ലും ഉദ്ധരികളുമുണ്ട്. പക്ഷേ മകനിവിടെ ഒരെണ്ണം നേരേ ചൊവ്വേ പറയാന്‍ പാടുപെടുകയാണ്. അവനവനെക്കൊണ്ട് ആവുന്നതൊക്കെ പറഞ്ഞാല്‍ പോരേ. അറിയാത്തതുകൊണ്ടാണോ അതോ തിരുവഞ്ചൂരിന് പഠിച്ചതാണോ?
കോട്ടയം ഡിസിസി ഇന്ന് യോഗം ചേര്‍ന്ന് അച്ഛന് മാണിക്കും മോന് ജോസിനും എതിരെ പ്രമേയം പാസാക്കി. സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി എല്ലാത്തിനും നേതൃത്വം നല്കി. കേരള കോണ്‍ഗ്രസില്‍ നിന്നുണ്ടായ ചതിവിനെ ഒരു അവസരമാക്കാനാണ് നീക്കം. കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ വേറെന്തും സഹിക്കും. വഞ്ചന മാത്രം സഹിക്കില്ല. അത് അവര്‍ക്ക് പരസ്പരം ചെയ്യാനുള്ളതാണ്
കെസി ജോസഫിനെപ്പോലുള്ള മിതഭാഷികള്‍ വരെ പരിണാമം സംഭവിച്ച് അമിതഭാഷികളായി എന്നതാണ് ഈ സംഭവങ്ങളുടെ ഒരു ചരിത്ര പ്രധാന്യം. കോട്ടയത്തെ കോണ്ഗ്രസുകാരെപ്പറ്റിയുള്ള നരവംശ ശാസ്ത്ര പഠനങ്ങളില്‍ പ്രത്യേകം എടുത്തുപറയേണ്ടതാണ് ഈ ബിഹേവിയറല്‍ ചെയ്ഞ്ചസ് അഥവാ സ്വഭാവ മാറ്റങ്ങള്‍. മാണി സാര്‍ എന്ന വിളിയില്‍ നിന്ന് സാര്‍ അപ്രത്യക്ഷമാകുകയാണ്. ഇനി മാണിയെ സാര്‍ കൂട്ടി വിളിക്കുന്ന ഒറ്റ കോണ്‍ഗ്രസുകാരനേ കോട്ടയത്തുണ്ടാകൂ
അടുത്ത കാലത്ത് കേട്ട ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും നല്ല രാഷ്ട്രീയ പ്രസംഗമായിരുന്നു ഇന്ന് കോട്ടയത്ത് നടത്തിയത്. കുറേ കാലമായി പറയണം പറയണം എന്ന് കരുതിയിരുന്നിട്ട് പറഞ്ഞ പോലെയുണ്ട്. ഏതായാലും കോട്ടയത്തെ അണികള്‍ ഓസിയുടെ പ്രസംഗത്തില്‍ ഹാപ്പിയാണ്