കേരളത്തില്‍ 14 ജില്ലയൊക്കെയുണ്ടാകും. പക്ഷേ ഓരോ പാര്‍ട്ടിക്കും സ്വന്തം ജില്ലയെന്ന് പറയാവുന്ന ഒരു ജില്ലയുണ്ടാകും. സിപിഎമ്മിന് കണ്ണൂരു പോലെ. കോണ്‍ഗ്രസിന്റെ കണ്ണൂരാണ് കോട്ടയം. ആ കോട്ടയത്താണ് കോണ്‍ഗ്രസിന് ഒരു വലിയ അടി ഇന്ന് കിട്ടിയത്. കോട്ടയത്തിന്റെ ജില്ലാ പഞ്ചായത്ത് കേരള കോണ്‍ഗ്രസ് നൈസായിട്ടങ്ങ് പിടിച്ചു. അതും ചുമ്മാതല്ല. സിപിഎമ്മുമായി ചേര്‍ന്ന്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ധാരണയൊക്കെ ഉണ്ടാക്കിയിരുന്നു ആദ്യം. എന്നിട്ടാണ് ഈ കൊലച്ചതി ചെയ്തത്. എന്നുവച്ചാല്‍ ആകെ സീറ്റ് 22. ഭരണം പിടിക്കാന്‍ വേണ്ടത് 12. മാണി കോണ്‍ഗ്രസിന് 6. സിപിഎമ്മും കൊടുത്തു ആറ്. ഇത് ചതിയല്ലാതെ മറ്റെന്താണ്. സംസ്ഥാനതലത്തില്‍ പിണങ്ങി യുഡിഎഫ് വിട്ടു പോയെങ്കിലും പഞ്ചായത്തിലൊക്കെ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നായിരുന്നു പണ്ട് മാണി പറഞ്ഞത്. അതുകൊണ്ട് ഇരുവരും ഇതുവരെ മൊഴിചൊല്ലിയിരുന്നില്ല. ഇന്നത്തോടെ ആ ബന്ധം പൂര്‍ണമായി വേര്‍പെട്ടു.
മാണി വിട്ടു പോയെങ്കിലും കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു പരിധി വിട്ടൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ വിമര്‍ശിച്ചിട്ടില്ല. എന്തെങ്കിലും പറഞ്ഞാലും സാര്‍ എന്ന് ചേര്‍ത്ത് വിളിക്കാന്‍ മറക്കാറുമില്ല. ഇന്ന് എല്ലാവരും വരിനിന്ന് മാണിയെ ചീത്ത പറഞ്ഞു. കോട്ടയംകാരായ ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍, കെസി ജോസഫ് എന്നിവര്‍ നേതൃത്വം കൊടുത്തു. ഇനി കോട്ടയത്ത് മല്‍സരിക്കുമ്പോള്‍ മാണി കോണ്‍ഗ്രസിന്റെ വോട്ട് കിട്ടാതെ പോയി തോറ്റാലും കുഴപ്പമില്ലെന്ന മട്ടിലായിരുന്നു പ്രതികരണങ്ങള്‍. അതങ്ങനെയാണ് പ്രണയം പൊളിഞ്ഞാല്‍ പിന്നെ പഴയ കാമുകിയായിരിക്കും ഏറ്റവും വലിയ ശത്രു.