അങ്ങനെ സിപിഎമ്മും സിപിഐയും തിക്ക് ഫ്രണ്ട്സായി. ഇരുവരും തമ്മില്‍ തമ്മില്‍ അടിയാണെന്നും രണ്ടുവഴിക്കാണെന്നും എന്നൊക്കെയുള്ള ആളുകളുടെ തോന്നല്‍ വെറുതെയാണ്. എല്ലാം ഈ മാധ്യമക്കാരുണ്ടാക്കുന്ന വാര്‍ത്തകളാണെന്നാണ് സിപിഎം യോഗം ചേര്‍ന്ന് കണ്ടെത്തിയത്. പ്രത്യക്ഷത്തില്‍ സമീപകാലത്തെ പലപ്രശ്നങ്ങളിലും ഇരുപാര്‍ട്ടികള്‍ക്കും വെവ്വേറെ നിലപാടുകളൊക്കെ ഉണ്ടെന്ന് തോന്നാമെങ്കിലും ഇവര്‍ക്കിടയിലെ സൗഹൃദത്തിന്റെ അന്തര്‍ധാര സജീവമായിരുന്നു എന്നുവേണം കരുതാന്‍.
ഇതിനിടെ സിപിഐയെ മാക്സിമം തള്ളിതള്ളി ഒരുവഴിക്കാക്കി സര്‍ക്കാരിനെ വേറൊരു വഴിക്കാക്കാന്‍ പ്രതിപക്ഷം ശ്രമിക്കാതിരുന്നില്ല. അല്ലെങ്കിലും കാനം രാജേന്ദ്രന് ഇങ്ങനെയൊക്കെ തുടങ്ങിയാല്‍ രമേശ് ചെന്നിത്തലയ്ക്ക് പിന്നെന്തുറോളാണുള്ളത്. ഒരേസമയം കാനത്തെ പ്രോല്‍സാഹിപ്പിക്കുകയും വേണം എന്നാല്‍ തന്റെ പ്രതിപക്ഷനേതാവെന്ന് സ്ഥാനം പോവാനും പാടില്ല. അത്തരമൊരു ധര്മസങ്കടത്തില്പെട്ടാലും സിപിഐയെ അഭിനന്ദിക്കാന്‍ തന്നെയാണ് ചെന്നിത്തല തീരുമാനിച്ചത്. ഒക്കെ ഭാവിയെ കരുതിയാണ്. ആരുടെ, ചെന്നിത്തലയുടെ. പക്ഷേ ചെന്നിത്തലയുടെ പ്രതീക്ഷം കാനം കാത്തില്ല.
സര്‍ക്കാരിനെ ചീത്തവിളിച്ചാലും മുള്‍മുനയില്‍ നിര്‍ത്തിയാലും കാനത്തിന്റെ ധൈര്യം കോടിയേരിയാണ്. അല്ലെങ്കിലും കാനവും കോടിയേരിയും രണ്ടു ഇടതുപക്ഷപാര്‍ട്ടികളുടെ സെക്രട്ടറിമാര്‍ മാത്രമല്ല. പരസ്പരം കാണുന്ന, കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന, ഇനി കാണാന്‍ സാധിച്ചില്ലെങ്കില്‍ ഫോണില്‍ വിളിച്ച് സംസാരിക്കുന്ന സഖാക്കളാണ് രണ്ടുപേരും. പിണറായി വിജയന് ഇതൊക്കെ അറിയുന്നുണ്ടോ ആവോ?