നിയമസഭവിട്ടിറങ്ങുന്ന പ്രശ്നമില്ല. ഈ പരിപാടിക്ക് വേണ്ടുന്ന എല്ലാ ചേരുവകളും ആവശ്യാനുസരണം നമ്മുടെ ജനപ്രതിനിധികള്‍ നല്കിയിട്ടുള്ളതുകൊണ്ടാണത്. വേറെയൊന്നും വിചാരിക്കരുത്. മൂന്നാറും മണിയാശാന്റെ വിശ്വവിഖ്യാത പ്രസംഗത്തിനും ശേഷം സഭ ആദ്യമായി ചേരുന്ന ദിനമായിരുന്നു ഇന്ന്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞ ശേഷം മണിയാശാന് സഭയിലേക്ക് വന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. അതിനു ശേഷമുള്ള ഗംഭീരവരവായിരുന്നു ഇത്. മണിക്കെതിരെ കറുത്ത തുണിയില്‍ വെളുത്ത അക്ഷരമെഴുതി ബാനര്‍ പിടിച്ച് പ്രതിപക്ഷം എത്തിയെങ്കിലും ആശാന് കുലുങ്ങിയില്ല. എങ്ങനെ കുലുങ്ങും? മുഖ്യമന്ത്രിയല്ലേ തന്റെ കൂടെയുള്ളത്. പിന്നെ ആരെപ്പേടിക്കാനാണ്?
ഇതൊക്കെ കണ്ട് തന്റെ ദുര്‍വിധിയോര്‍ത്ത് സങ്കപ്പെട്ട ഒരാളുണ്ടായിരുന്നു, സഭയില്‍. സാക്ഷാല്‍ ഇ.പി. ജയരാജന്. ചുമ്മാ ആരുടേയും തലയില്‍ കയറി പ്രസംഗിച്ചിട്ടൊന്നും ഇല്ല. കുടുംബം ഒന്നു നോക്കാന്‍ ശ്രമിച്ചു എന്ന തെറ്റേ ചെയ്തുള്ളു. ദാ കെടക്കുന്ന മന്ത്രിസ്ഥാനം നിലത്ത്. ഇതിപ്പോ മണിയാശാന്റെ കാര്യത്തില്‍ അതൊന്നും വേണ്ടെന്നാണ് പിണറായി സഖാവിന്റെ തീരുമാനം. എന്നാലും രമേശ് ചെന്നിത്തല അതൊക്കെ പറഞ്ഞ് ഇങ്ങനെ എരിതീയില്‍ എണ്ണയൊഴിക്കാന്‍ പാടില്ലായിരുന്നു.