മൂന്നാറില്‍ ആരാണ് ശരിക്കും കയ്യേറ്റക്കാര്‍ എന്നത് തിരിച്ചറിയാന്‍ എം.എം.ഹസന് ഇന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. സത്യം ബോധ്യപ്പെടാനുദ്ദേശിച്ച പരിപാടിയായതുകൊണ്ട് സത്യഗ്രഹമാണ് നടത്തിയത്. സ്വന്തമായി തിരിച്ചറിവ് അല്പം ബുദ്ധിമുട്ടായതുകൊണ്ട് വി.എസ്. അച്യുതാനന്ദനോട് മൂന്നാറിലെത്തി കാര്യം മനസിലാക്കി ലോകത്തോട് വിളിച്ചുപറയാനാണ് ഹസന്‍ജിയുടെ ആഹ്വാനം. ബാക്കി പരിപാടി അതിനുശേഷം നടത്തുന്നതായിരിക്കും.
ഇതിപ്പോ മൂന്നാറില്‍ കോണ്‍ഗ്രസുകാര്‍ എന്തിനാണ് സത്യഗ്രഹം നടത്തിയതെന്ന് ഒരു പിടിയുമില്ല. മൂന്നാറിലെ ഖദര്‍ രാഷ്ട്രീയക്കാരനും കെപിസിസി വൈസ് പ്രസിഡന്റും ഒക്കെയായ എ.കെ.മണി കഴിഞ്ഞദിവസം സിപിഎം എംഎല്യ്ക്കൊപ്പം മൂന്നാറിനെ രക്ഷിക്കാന്‍ ഒരുമിച്ചെത്തിയിരുന്നു. പോരാത്തതിന് രാജേന്ദ്രന് കൈയ്യേറിയ ഭൂമി കൈയ്യേറ്റമല്ലെന്നും പറഞ്ഞു. സിപിഎമ്മിനും സിപിഐക്കും കോണ്‍ഗ്രസിനുമൊന്നും അവരവര്‍ നടത്തിയ കൈയ്യേറ്റമൊന്നും കൈയ്യേറ്റമല്ലെന്നാണ് ബോധ്യപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഈ മണിയാശാനാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാറ് കാണാന്‍ എത്തിയപ്പോള്‍ കൈയ്യോടെ കൂട്ടിക്കൊണ്ടുപോയി കൈയ്യേറ്റങ്ങളെയൊക്കെ ചൂണ്ടിക്കാട്ടി കൊടുത്തത്. ആ ചൂണ്ടല്‍ രാജേന്ദ്രന്റെ കൈയ്യേറ്റ ഭൂമിവരെ നീണ്ടതുമായിരുന്നു. ചെന്നിത്തല ഒരു ശുദ്ധനായതുകൊണ്ട് ആര്‍ക്കും പറ്റിക്കാമെന്നു മാത്രം.
അവനവന് ശരില്ലെന്ന് ഉറപ്പുള്ളപ്പോഴാണല്ലോ എതിരാളികളെ കുറ്റപ്പെടുത്താന്‍ ഒരു ബുദ്ധിമുട്ടൊക്കെ തോന്നുന്നത്. പിന്നെ ആകെ ചെയ്യാവുന്നത് എല്ലാത്തിന്റേയും പ്രധാന ഹേതു മാധ്യമങ്ങളാണെന്ന് അങ്ങ് പ്രഖ്യാപിക്കലാണ്. അതിന് കുറച്ച് നാട്ടുകാരെ സംഘടിപ്പിക്കണം. കൈയ്യേറ്റമൊഴിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ചെറു സംഘടനകളെ കൂടെക്കൂട്ടി മാധ്യമങ്ങളെ നാല് പറഞ്ഞാല്‍ എല്ലാവരും ഹാപ്പി. അവിടെ എംഎം. മണിയും എ.കെ.മണിയും തമ്മില്‍ പേരിന്റെ ഇനീഷ്യല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ മാത്രമേയുള്ളു.