മൂന്നാറില്‍ പണി തുടങ്ങിയിട്ടുണ്ട്. ഇത്തവണ പൂച്ചയും പട്ടിയുമൊന്നുമില്ല. കഴിഞ്ഞ തവണ ടാര്‍ജറ്റ് ടാറ്റ കമ്പനിയായിരുന്നു. അതായത് ടാറ്റയുടെ ഭൂമി പിടിച്ചാല്‍ മാത്രമേ ഓപ്പറേഷന് വിജയിക്കൂ എന്നായിരുന്നു പൊതു ധാരണ. ഇത്തവണ ലക്ഷ്യം ചെറുതാണ്. എസ്. രാജേന്ദ്രന്. സിപിഎമ്മിന്റെ എംഎല്‍എ. പുള്ളിയുടെ ഭൂമി കയ്യേറ്റ ഭൂമിയാണെന്ന കാര്യത്തില്‍ സിപിഎം ഒഴികെ എല്ലാവരും ഒരു ധാരണയിലെത്തി. സിപിഎം എന്നു പറഞ്ഞാല്‍ വിഎസ് ഒഴികെയുള്ള സിപിഎം എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇങ്ങനെ പോയാല്‍ രാജേന്ദ്രന്റെ ഭൂമി പിടിക്കാതെ വേറെ എന്തു ചെയ്തിട്ടും കാര്യമില്ല
അതെന്ത് വര്‍ത്തമാനമാണെന്ന് മനസിലാകുന്നില്ല. തന്റേത് കയ്യേറ്റ ഭൂമിയാണെന്് രാജേന്ദ്രന് കുമ്പസരിച്ചിട്ടുണ്ടെങ്കില് തിരുവഞ്ചൂര്‍ എന്തുകൊണ്ടാണ് അന്ന് നടപടിയെടുക്കാത്തത് എന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ എംഎല്‍എക്ക് ഇളവ് കൊടുത്തത് ഏത് വകുപ്പനുസരിച്ചാണെന്ന് വ്യക്തമാക്കണം. മൂന്നാറിലെ ഒരു സാധാരണക്കാരന് ഇതുപോലെ പോയി തിരുവഞ്ചൂരിനോട് കുമ്പസരിച്ചിരുന്നെങ്കിലും ഇതുപോലെ പോട്ടേ പാവം എന്ന് വിചാരിക്കുമായിരിന്നോ. ഇല്ലല്ലോ. അപ്പോള്‍ പാവങ്ങള്‍ക്ക് ഒരു നിയമം എംഎല്‍എക്ക് മറ്റൊരു നിയമം. അത് ശരിയാവില്ല
ഈ ജെസിബി ഓപ്പറേഷനില്‍ പതിനഞ്ചര സെന്റ് ഭൂമിയാണ് ആകെ പിടിച്ചെടുത്തത്. അത് പോര. രാജേന്ദ്രന് കയ്യേറിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി ആദ്യം പിടിച്ചെടുക്കണം. അല്ലാതെ വെറുതെ ജെസിബി കൊണ്ടു പോയി മണ്ണു മാന്തിയിട്ട് ഒരു കാര്യവുമില്ല. പക്ഷേ അതെങ്ങനെ സാധിക്കും. രാജേന്ദ്രന് നിരപരാധിയാണെന്ന് മുഖ്യമന്ത്രി ആദ്യമേ പറഞ്ഞു കഴിഞ്ഞില്ലേ.
മണിയാശാന്റെ പഴയ ആശാനാണ് വി എസ്. മൂന്നാര്‍ എന്ന സ്ഥലത്തിന്റെ പേരിലാണ് ആശാനും ആശാനും തമ്മില്‍ തെറ്റിയത്.ഇന്നും ആ കളി തുടര്‍ന്നു. പണ്ട് വിഎസിനെ സ്വന്തം ആശാനായി കണ്ടത് തെറ്റായിപ്പോയി എന്നു പോലും മണിയാശാന് പറഞ്ഞു. വിഎസിന്റെ വാക്കും കേട്ട് ടാറ്റയെന്ന പാവം കമ്പനിക്കെതിരെ സമരത്തിനു പോയതില്‍ അദ്ദേഹം ഇന്ന് പശ്ചാതപിച്ചു. കുറ്റബോധം കൊണ്ട് ഇനി സ്വന്തം സ്ഥലം ടാറ്റക്ക് എഴുതിക്കൊടുക്കുമോ എന്നാണ് അറിയേണ്ടത്
ഇത് സീരിയസാണ്. വിഎസിനെ തള്ളിപ്പറയുക മാത്രമല്ല. ഉമ്മന്‍ ചാണ്ടിയാണ് തമ്മില്‍ ഭേദം എന്നും പറഞ്ഞിരിക്കുന്നു. എല്ലാ കാര്യത്തിലും അങ്ങനെയാണോ എന്നു കൂടി വ്യക്തമാക്കിയാല്‍ മതി. ഏതായാലും അടുത്ത പോരാട്ട ഭൂമിയാണ് മൂന്നാര്‍. മഴക്കാലം വരുന്നതിനു മുമ്പ് രണ്ടു മാസം കൂടിയുണ്ട്. എന്തെങ്കിലുമൊക്കെ ചെയ്യുന്നെങ്കില്‍ ഇപ്പോള്‍ ചെയ്യണം. വിഎസ് ദുര്‍ബലനായതോടെ അദ്ദേഹത്തിന്റെ ഫാന്‍സൊക്കെ ഒരു നേതാവില്ലാതെ നില്‍ക്കുകയാണ്. കൂടുതലും പാര്‍ട്ടിക്കു പുറത്തുള്ളവര്‍. സിപിഐ നല്ലൊരു കളി കളിച്ചാല്‍ അവരെയും കൂടെക്കൂട്ടി പിണറായിക്കിട്ടൊരു പണി കൊടുക്കാം. എന്നാലും എന്തായിരിക്കും മണിയാസാന് ഇങ്ങനെയൊക്കെ പഴയ നേതാവിനെ പറയാന്‍ കാരണം
വിഎസ് പക്ഷേ വളരെ പാകതയോടെയാണ് ഇന്ന് പ്രതികരിച്ചത്. അത് കാണുമ്പോഴാണ് പേടി. ഇനി എന്താണ് ഉണ്ടാകുകയെന്ന് പറയാന്‍ പറ്റില്ല. ചിലപ്പോള്‍ കൂടുതല്‍ കയ്യേറ്റ കഥകള്‍ കേള്‍ക്കാന്‍ നമുക്ക് ഭാഗ്യമുണ്ടായേക്കും