മഹേഷിന്റെ പ്രതികാരം സിനിമ ഇറങ്ങിയതില്‍ പിന്നെ മഹേഷ് എന്ന് പേരുള്ളവര്‍ക്കെല്ലാം കടുത്ത സമ്മര്‍ദമാണ്. മഹേഷുമാരെല്ലാം പ്രതികാരം ചെയ്യുന്നവരെന്നായി അതോടെ ധാരണ. സി.ആര്. മഹേഷ് ഇന്നാ ധാരണ തെറ്റെന്ന് തെളിയിച്ചു. ഈ മഹേഷിന് ചെരുപ്പിടാതെ നടക്കാനും തല്ലിത്തോല്പ്പിക്കാനുമൊന്നും വയ്യ. അതുകൊണ്ട് കളിയങ്ങുപേക്ഷിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളികളില്‍ അങ്ങനെ ഒരു രക്തസാക്ഷി കൂടി പിറന്നു
...........................
കട്ടിട്ടും മോഷ്ടിച്ചിട്ടുമൊക്കെയാണെങ്കില് ബാക്കി കോണ്‍ഗ്രസുകാരെല്ലാം കൂടി വട്ടം പിടിച്ച് സമ്മര്‍ദം ചെലുത്തി രാജി പിന്വലിപ്പിച്ചേനെ. കൊലപാതകമൊക്കെയാണെങ്കില് പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം വരെ കിട്ടിയേനെ. ഇതുപക്ഷേ പോകരുതെന്ന് ഒരു വാക്കു പറയാന്‍ ഒരു കുഞ്ഞും പാര്‍ട്ടിയില്‍ ഇല്ലാതെ പോയി. കാരണം മഹേഷ് ചെയ്ത കുറ്റം സത്യം പറഞ്ഞു എന്നതാണ്. അതും വലിയ കണ്ടുപിടിത്തം നടത്തി പുതിയതായി എന്തെങ്കിലും പറഞ്ഞതൊന്നുമല്ല. പാര്‍ട്ടി ഇങ്ങനെ പോയാല്‍ കുത്തുപാളയെടുക്കും. രാഹുല്‍ ഗാന്ധിയൊക്കെ മര്യാദക്ക് പണിയെടുക്കണം. ആന്റണി ഇങ്ങനെ വാമൂടിക്കെട്ടി ദിവ്യനായി ഇരുന്നിട്ട് കാര്യമില്ല തുടങ്ങി ഇവിടത്തെ കൊച്ചു കുട്ടികള്‍ക്കു പോലും അറിയാവുന്ന കാര്യങ്ങളേ പറഞ്ഞുള്ളു.
.............................
കോണ്‍ഗ്രസുകാരനാണെങ്കിലും ആളു കൊള്ളാവുന്നവനാണെന്നായിരുന്നു സി ആര് മഹേഷിനെപ്പറ്റിയുള്ള ഒരു പൊതു അഭിപ്രായം. അതുകൊണ്ട് തന്നെയാണെന്ന് തോന്നുന്നു പാവത്തിന് രാജിവച്ച് പോകേണ്ടി വന്നത്. ദേശീയ നേതൃത്വം പക്ഷേ അവസരത്തിനൊത്തുയര്ത്തു. രാജിവച്ചെന്ന് പ്രഖ്യാപിച്ച മഹേഷിനെ അവര്‍ സസ്പെന്‍ഡു ചെയ്തു. സാധാരണ സിപിഎമ്മാണ് ഈ പരിപാടി ചെയ്യുന്നത്. രാജി വച്ചവനെതിരെ നടപടി എടുക്കുന്നെങ്കില്‍ പുറത്താക്കലല്ലേ വേണ്ടിയിരുന്നത്. സസ്പെന്‍ഡ് ചെയ്യുക എന്നു പറഞ്ഞാല്‍ തല്ക്കാലം വിശ്രമിച്ച് പിന്നെ തിരിച്ചു വരണം എന്നല്ലേ അര്‍ഥം? ആര്‍ക്കറിയാം ഈ കോണ്‍ഗ്രസിലെ അര്‍ഥങ്ങള്‍
..........................
പോകുന്ന പോക്കില്‍ പിസി വിഷ്ണുനാഥിനിട്ട് നല്ല കൊട്ടുകൊടുക്കാന്‍ മഹേഷ് മറന്നില്ല. മഹേഷ് ഐ ഗ്രൂപ്പും വിഷ്ണുനാഥ് എ ഗ്രൂപ്പുമാണെന്ന് അറിയാമല്ലോ. അതുമാത്രമല്ല വഴക്കിന് കാരണം. തിരഞ്ഞെടുപ്പ് കാലം മുതലേ വിഷ്ണു തനിക്ക് പണി തരാന്‍ നടക്കുകയായിരുന്നു എന്നാണ് മഹേഷിന്റെ ആക്ഷേപം. തിരഞ്ഞെടുപ്പില്‍ വിഷ്ണുവും മഹേഷും തോറ്റ് തുല്യത പാലിച്ചെങ്കിലും പണി കൊടുക്കല്‍ തീര്‍ന്നില്ല പോലും
.............................
ഉമ്മന്‍ ചാണ്ടിയുടെ ചാവേറാണ് പി സി വിഷ്ണുനാഥ്. ആ വിഷ്ണുനാഥിനെപ്പറ്റി മഹേഷിന് പരാതിയുണ്ടെങ്കില്‍ രമേശ് ചെന്നിത്തലയല്ലേ അത് തീര്‍ത്തു കൊടുക്കേണ്ടത്. ? എവിടെ ചെന്നിത്തലയ്ക്ക് ചെന്നിത്തലയുടെ തടി രക്ഷിക്കാന്‍ തന്നെ നേരമില്ല. അപ്പോഴാണ് മഹേഷിന്റെ കാര്യം. ഇപ്രകാരം എതിര്‍വശത്ത് രമേശ് ചെന്നിത്തലയാണെന്ന് അറിയാവുന്ന ധൈര്യത്തിലാണ് ഉമ്മന്‍ ചാണ്ടി സ്ഥിരമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം , സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം എന്ന് പറയുന്നത്. വിഷ്ണുനാഥിനെപ്പോലുള്ള പോരാളികള്‍ കൂടെയുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഒരു വെട്ടിനിരത്തല്‍ പാര്‍ട്ടിയില്‍ നടത്താവുന്നതേയുള്ളു
.............................
എന്തു വന്നാലും ഒരു കോണ്‍ഗ്രസുകാരനായ മഹേഷ് ഇത്രയും ലോലനാകാന് പാടില്ലായിരുന്നു. ആരെങ്കിലുമൊക്കെ നാലു പഴി പറയുകയും പാരവയ്ക്കുകയും ചെയ്താല്‍ ഉടന്‍ പോയി രാജിവക്കുകയാണോ വേണ്ടത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ തലപ്പത്തിരിക്കുന്നവരൊക്കെ എന്തുമാത്രം കേട്ടിട്ടുണ്ടാകും. പണി നേരിട്ടിട്ടുണ്ടാകും? കെ എസ് യു വിട്ടാല്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് വിട്ടാല്‍ കോണ്‍ഗ്രസ് എന്ന നടപ്പു രീതി മാറുമോ എന്നും ഇനി അറിയേണ്ടതുണ്ട്. യൂത്ത് കോണ്‍ഗ്രസ് വിട്ടാല്‍ എന്താ ബിജെപി ആയിക്കൂടേ? മഹേഷിന്റെ വീട്ടുകാരൊക്കെ സിപിഐയിലും സിപിഎമ്മിലുമൊക്കെയുള്ള കാരണം അങ്ങനെയും സാധ്യതയുണ്ട്. ഏതായാലും താന്‍ ബിജെപിയില്‍ പോയിട്ടില്ലെന്ന് വിവരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിക്കേണ്ട ഗതികേട് ഒരു യുവജനസംഘടനയുടെ നേതാവിനും വേറെ ഉണ്ടായിട്ടുണ്ടാവില്ല
.........................
അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കേണ്ട ഭൂരിപക്ഷം വരെ തീരുമാനിച്ചു എന്നു പറഞ്ഞാല്‍ ഇപ്പോഴത്തെ ഗ്രൂപ്പു കളി കൂടുതല്‍ ശാസ്ത്രീയമാണെന്നാണ് അര്‍ഥം. ഈ കോണ്‍ഗ്രസിനെ സമ്മതിക്കണം. ഏതായാലും പുറത്തു പോകുന്ന പല നേതാക്കളും ചെയ്യുന്ന പോലെ ഫ്രീയായി കുറച്ച് ഉപദേശങ്ങള്‍ ബാക്കി പ്രവര്‍ത്തകര്‍ക്കായി മഹേഷ് നല്‍കുന്നുണ്ട്