ആകാംക്ഷകള്‍ ബാക്കിവെച്ച് ഒരു മെക്സിക്കന്‍ അപാരതയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ക്യാംപസും രാഷ്ട്രീയവും പ്രണയവും ഇഴചേരുന്ന സിനിമ വൈകാതെ തീയറ്ററിലെത്തും. യു ട്യൂബില്‍ റെക്കോര്‍ഡ് കാഴ്ചക്കാരെ നേടിയാണ് ട്രെയിലറിന്റെ കുതിപ്പ്.
ചെറുപ്പക്കാരുടെ ഈ സംഘം കാമ്പസുകളെ ഇളക്കിമറിക്കുമെന്നുറപ്പ്. രാഷ്ട്രീയം പറഞ്ഞെത്തുന്ന യുവതയ്ക്ക് സാമൂഹിക മാധ്യങ്ങള്‍ നല്കുന്ന പിന്തുണ അതിന്റെ വ്യക്തമായ സൂചന. പ്രമേയം സംബന്ധിച്ച അവ്യക്തതകള്‍ നിലനിര്‍ത്തുന്നതാണ് ട്രെയിലറും.
രണ്ടുകാലങ്ങളിലെ കാമ്പസും കാമ്പസ് രാഷ്ട്രീയവുമാണ് നവാഗതനായ ടോം ഇമ്മട്ടിയുടെ ചിത്രം പറയുന്നത്. ഒപ്പം പ്രണയവും തമാശയും ആക്ഷനും എല്ലാമുണ്ട്.
ടൊവീനോ തോമസും നീരജ് മാധവും രൂപേഷ് പീതാംബരനുമാണ് മുഖ്യവേഷങ്ങളില്‍. സംവിധായകനായ അനൂപ് കണ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. പുറത്തിറങ്ങിയ പാട്ടുകള്‍ക്കൊപ്പം ട്രെയിലറും ഹിറ്റാകുമ്പോള്‍ മറ്റൊരു യുവതാര വിജയത്തിന് കാതോര്‍ക്കുന്നു മലയാളം.