വിനീത് ശ്രീനിവാസന് നായകനായെത്തുന്ന എബിയുടെ പ്രചരണത്തിന് പ്രമുഖ എയര്‍ലൈന്‍ സ്ഥാപനമായ എയര്‍ ഏഷ്യയും. എയര്‍ ഏഷ്യയാണ് എബിയുടെ ഔദ്യോഗിക എയർലൈൻ പാർട്ണർ. രജനീകാന്തിന്റെ കബാലിക്കു ശേഷം എയർഏഷ്യ ഭാഗമാകുന്ന രണ്ടാമത്തെ തെന്നിന്ത്യൻ ചിത്രമാണ് എബി.
കബാലിയുടെ റിലീസിങ് സമയത്ത് രജനിയുടെ പടുകൂറ്റന്‍ ചിത്രം പതിപ്പിച്ച് പറന്നിറങ്ങിയ എയര്‍ ഏഷ്യ വിമാനം ആരാധകരെ ചെറുതായൊന്നുമല്ല ത്രസിപ്പിച്ചത്. ചിത്രത്തിനിടയിലും ഏയര്‍ ഏഷ്യ സാന്നിധ്യമറിയിച്ചു
അത്രയും വരില്ലെങ്കിലും മലയാള സിനിമാലോകം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രചരണരീതിയുമായാണ് എബി എത്തുന്നത്. പറക്കാന്‍ കൊതിക്കുന്ന എബിയെ ചിറകിലേറ്റിയതു വഴി രണ്ടാമതൊരു തെന്നിന്ത്യന്‍ ചിത്രത്തിന്റെ കൂടി ഭാഗമാവുകയാണ് എയര്‍ ഏഷ്യയും. ചിത്രത്തിലെ പ്രമേയത്തിന്റെ വ്യത്യസ്തയാണ് ഇങ്ങനെയൊരു നീക്കത്തിന് എയർഏഷ്യയെ പ്രേരിപ്പിച്ചത്. പ്രചരണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് പ്രത്യേക 'എബി ഓഫർ' കമ്പനി ഒരുക്കും. ഫ്ലൈ ലൈക് എബി ക്യാംപെയിനോടെയായിരിക്കും പ്രചരണപരിപാടികളുടെ തുടക്കം. സിനിമ കാണുന്നവർക്ക് സൗജന്യ വിദേശയാത്ര ഉൾപ്പടെയുള്ള സമ്മാനങ്ങള്‍ നൽകുവാനും പദ്ധതിയിടുന്നു. ഫെബ്രുവരി 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.