വരകളിലൂടെയും വര്‍ണങ്ങളിലൂടെയും വിസ്മയം തീര്‍ത്ത ക്ളിന്റ് എന്ന ബാലന് ഒാര്‍മയായി മൂന്നുപതിറ്റാണ്ടു പിന്നിടുമ്പോഴാണ് ആ ജീവിതം ഒരു ചലച്ചിത്രകാവ്യമാകുന്നത്. ക്ളിന്റ് എന്ന പേരില്‍തന്നെ പുറത്തിറങ്ങിയ സിനിമ മികച്ച അഭിപ്രായംതേടി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തില്‍ ക്ളിന്റിനെ അവതരിപ്പിച്ച അലോക് എന്ന ആറുവയസുകാരനും കയ്യടി നേടുകയാണ്.
നമ്മള് മലയാളികള്‍ വായിച്ചും കേട്ടുമറിഞ്ഞ ഒരു ക്ളിന്റുണ്ട് . ഏഴുവയസിനിടയില് കാഴ്ചയ്ക്കപ്പുറമുള്ളവവരെ കടലാസില്‍ നിറങ്ങള്‍കൊണ്ട് അടയാളപ്പെടുത്തിയ ആ ക്ളിന്റിനെ അവതരിപ്പിച്ച അനുഭവം പറഞ്ഞുതരികയായിരുന്നു അലോക്. തൃശൂര്‍ സ്വദേശിയായ അനൂപിന്റെയും അസ്മിന്റെയും മകനാണ് അലോക്.
തൃശൂര്‍ ദേവമാത സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥി. ക്ളിന്റ് ജീവിച്ച കാലഘട്ടമല്ല. അലോക് പുതുതലമുറയുടെ പ്രതിനിധിയാണ്. പ്രഫഷണലായ ഒരു ആറുവയസുകാരന് എന്നുകൂടി പറയേണ്ടിവരും. ക്ളിന്റിനുശേഷം വന്ന ചില ഒാഫറുകള്‍ അലോകിന്റെ പഠനം കണക്കിലെടുത്ത് മാതാപിതാക്കള്‍ നിരസിച്ചിരുന്നു. ക്ളിന്റ് മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുമ്പോള്‍ അലോക് സിനിമയ്ക്കപ്പുറമുള്ള തന്റെ ലക്ഷ്യവും വിശദീകരിക്കുന്നു