അഭിനയജീവിതത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ടശേഷമുളള ഷാരൂഖ് ഖാൻറെ ആദ്യസിനിമ തിയേറ്ററുകളിൽ. ഷാരൂഖ് -അനുഷ്ക ജോഡിയുടെ 'ജബ് ഹാരി മെറ്റ് സെജലിന്' മികച്ചപ്രതികരണമാണ് ആദ്യദിനംലഭിച്ചത്. മുംബൈയിലെ മറാത്ത മന്ദിർ തീയേറ്ററിൽ ഷാരൂഖിൻറെ ആരാധകർ കേക്കുമുറിച്ചും മധുരംവിതരണംചെയ്തും ന്യൂറിലീസ് ആഘോഷമാക്കി.
ബോളിവുഡിൻറെ സ്വന്തം കിങ്ഖാന്റെ മറ്റൊരുപ്രണയചിത്രമാണ് ജബ് ഹാരി മെറ്റ് സെജല്‍. റബ്നേ ബനാദി ജോഡി, ജബ്തക്ക് ഹേജാൺ എന്നീ ഹിറ്റുകൾക്ക് ശേഷം, ഷാരൂഖ്- അനുഷ്ക ഭാഗ്യജോഡികളെ അണിനിരത്തി തിയേറ്ററുകളിലെത്തിയ സിനിമ. അഭിനയജീവിതം ആരംഭിച്ച് 25വർഷം പൂർത്തിയാക്കിയ ശേഷമുള്ള തന്റെ ആദ്യസിനിമയിൽ, റൊമാൻറിക് സ്വഭാവമുള്ള ടൂറിസ്റ്റ് ഗൈഡിൻറെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. ഇംതിയാസ് അലി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായികഴിഞ്ഞു.
ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രമായ ദിൽവാലെ ദുൽഹനിയ ലേ ജായേങ്കേ 22വർഷമായി തുടർച്ചയായി പ്രദർശിപ്പിക്കുന്ന മറാത്തമന്ദിർ തിയേറ്ററിൽ ഷാരൂഖ് ആരാധകർ ഒത്തുകൂടി. വെള്ളിത്തിരയിൽ ഇരുപത്തിയഞ്ചുവർഷം പൂർത്തിയാക്കിയ കിങ്ഖാനോടുള്ള സ്നേഹം കേക്കുമുറിച്ചും, മധുരം വിതരണംചെയ്തും അവർ പങ്കുവച്ചു.