ചെന്നൈയിലെ സ്വാതി കൊലപാതകം സിനിമയാക്കുന്നതിനെതിരെ യുവതിയുടെ പിതാവ് സന്താനഗോപാലകൃഷ്ണന് രംഗത്ത്. മകളുടെ കൊലപാതകം സിനിമയാകുന്നത് കുടുംബത്തിന് താങ്ങാനാകില്ലെന്ന് പിതാവ് പറയുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സന്താന ഗോപാല കൃഷ്ണന് ചെന്നൈ സിറ്റി പൊലിസ് കമ്മീഷണറെ സമീപിച്ചു.
2016 ജൂണ്‍ 24 നാണ് നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്‍ക്കുകയായിരുന്ന ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ തൂത്തുക്കുടി സ്വദേശി രാംകുമാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. പ്രണയഭ്യര്‍ഥന നിരസിച്ചതിനായിരുന്നു കൊലപാതകം. തുടര്‍ന്ന് പിടിയിലായ രാംകുമാര്‍ പൊലിസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.സംവിധായകന് രമേശ് സെല്വന് ആണ് ഈ കൊലപാതകം സിനിമയാക്കിയത്.
സ്വാതി കൊലവഴക്ക് എന്നു പേരിട്ട ചിത്രം തീയറ്ററിലെത്തിയ്ക്കാന് ശ്രമിക്കുന്നതിനിടെയാണ് ചിത്രത്തിനെതിരെ സ്വാതിയുടെ പിതാവ് സന്താന ഗോപാലകൃഷ്ണന് രംഗത്തെത്തിയത്. മകളുടെ കൊലപാതകം സിനിമയാകുന്നത് കുടുംബത്തിന് മനോവിഷമമുണ്ടാക്കുമെന്നും അതിനാല്‍ ചിത്രത്തിന്റെ റിലീസ് തടയണമെന്നുമാവശ്യപ്പെട്ട് സന്താന ഗോപാലകൃഷ്ണന് ചെന്നൈ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്കി. അണിയറ പ്രവര്‍ത്തകര്‍ പിന്മാറിയില്ലെങ്കില് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.