കാത്തിരുന്ന ഷാരുഖ് ചിത്രം ജബ് ഹാരി മെറ്റ് സേജല്‍ റിലീസിന് തയ്യാറെടുക്കുന്നു. ഇംത്യാസ് അലി സംവിധാനം ചെയ്തിരിക്കുന്ന റൊമാന്റിക് ചിത്രത്തില്‍ അനുഷ്ക ശര്‍മയാണ് നായിക. അമേരിക്കന്‍ ചിത്രം 'വെന്‍ ഹാരി മെറ്റ് സാലി'യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇംത്യാസ് അലി തയ്യാറാക്കുന്ന സിനിമയാണ് ജബ് ഹാരി മെറ്റ് സേജല്‍. റൊമാന്റിക് സ്വഭാവമുള്ള ടൂറിസ്റ്റ്ഗൈഡിന്റെ വേഷത്തിലാണ് എസ്.ആര്.കെ എത്തുന്നത്. മോശം സ്വഭാവക്കാരനാണ് ഹാരി സിങ് എന്ന വിശേഷണത്തോടെയായിരുന്നു ആദ്യ ടീസറെത്തിയത് തന്നെ.
റബ് നേ ബനാദി ജോഡി, ജബ് തക്ക് ഹേ ജാന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഷാരുഖും അനുഷ്കയും ഒന്നിക്കുന്ന ചിത്രമാണിത്. ആംസ്റ്റര്‍ഡാം, പ്രേഗ്, ലിസ്ബണ്‍ തുടങ്ങി വിദേശ നഗരങ്ങളിലായിരുന്നു ലൊക്കേഷന്‍. പ്രീതമാണ് സംഗീതസംവിധായകന്. ഷാരുഖിന്റെ സ്വന്തം സംരംഭമായ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്. ജനുവരിയില്‍ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം റയീസിന്റെ ക്യാമറമാന് കെ.യു മോഹനനാണ് ഈ ചിത്രത്തിന്റെയും ഛായഗ്രാഹകന്‍. ഓഗസ്റ്റ് നാലിനാണ് ഹാരിയും സേജലും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.