കബാലിക്ക് ശേഷം പാ.രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തിന് കാല എന്ന് പേരിട്ടു. വീണ്ടും അധോലോക നായകനായാണ് രജനി എത്തുന്നത്. ധനുഷാണ് നിര്‍മ്മാണം.
കാബാലി തിയറ്ററുകള്‍ തീര്‍ത്ത വലിയ ആരവത്തിന് പിന്നാലെയാണ് പാ.രഞ്ജിത്തും രജനിയും ഒന്നിക്കുന്നത്. കരികാലന് എന്ന ടാഗ്ലൈനിലാണ് സിനിമ എത്തുന്നത്. കബാലിക്ക് ലൊക്കേഷന്‍ മലേഷ്യയായിരുന്നെങ്കില്‍ കാലയ്ക്ക് പശ്ചാതലമാകുന്നത് മുംബൈയാണ്. സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ ധനുഷാണ് സിനിമയുടെ പേര് പുറത്ത് വിട്ടത്.
രജനികാന്തും പാ.രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം ഹാജി മസ്താന്റെ ജീവിതമാണെന്ന വാര്‍ത്തകളെ തുടര്‍ന്ന് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഇത് നിഷേധിച്ചു. സന്തോഷ് നാരയണനാണ് കാലയ്ക്ക് സംഗീതം ഒരുക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് ദിലീപ് സുബ്രഹ്മണ്യന്. കബാലിക്ക് മുകളില്‍ നില്ക്കുന്ന ഒരു ആക്ഷന്‍ ത്രില്ലറാണ് രജനി ആരാധകര്‍ കാത്തിരിക്കുന്നത്.