കോപ്പിയടി വിവാദത്തില്‍പ്പെട്ട് ബോളിവുഡ് ചിത്രം രാബ്ത. രാജമൌലിയുടെ മഗധീരയുമായി സിനിമയ്ക്കുള്ള സാമ്യം ഉയര്‍ത്തികാട്ടി നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചു. ഹൈദരാബാദ് കോടതി രാബ്തയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.
രാബ്തയുടെ ട്രെയിലര്‍ വന്നത് മുതലാണ് വിവാദത്തിന് തുടക്കമാകുന്നത്. പ്രമേയത്തിലെ സാമ്യത ആ ദിവസങ്ങളില്‍ സോഷ്യല്‍ മീഡയിലൂടെ പ്രചരിച്ചിരുന്നു. പുനര്‍ജന്മവുമായി ബന്ധപ്പെട്ടാണ് രണ്ട് സിനിമകളും കഥ പറയുന്നത്. ഇതില്‍ സംശയം തോന്നിയ മഗധീരയുടെ നിര്‍മ്മാതാക്കളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ അനുവാദമില്ലാതെയാണ് സിനിമ ഒരുക്കിയതെന്നും ഇത് കോപ്പിറൈറ്റ് ലംഘനമാണെന്നും ഇവര്‍ പറയുന്നു. നിര്‍മ്മാതാക്കളുടെ പരാതി സ്വീകരിച്ച ഹൈദരാബാദ് കോടതി രാബ്തയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചു. ജൂണ്‍ ഒന്നിന് കേസില്‍ വാദം കേള്‍ക്കും. ജൂണ്‍ 5നാണ് രാബ്തയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
സുശാന്ത് സിങ് രജപുത്, ക്രിതി സനണ്‍ എന്നിവരാണ് രാബ്തയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സുശാന്തിന്‍റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണിത്. രാം ചരണ്‍ തേജ, കാജള്‍ അഗര്‍വാള്‍ ഒന്നിച്ച മഗധീര വലിയ വിജയമാണ് സ്വന്തമാക്കിയത്. പുതിയ വിവാദത്തില്‍ രാബ്തയുടെ റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ചലചിത്രപ്രേമികള്‍.