തൃഷ്ണ എന്ന ചിത്രത്തിനുവേണ്ടി എസ് ജാനകി പാടി ഹിറ്റാക്കിയ മൈനാകം എന്ന പാട്ട് മലയാളിയുടെ ചുണ്ടുകളിലേക്ക് വീണ്ടുമെത്തിയിരിക്കുന്നു. ടിവിയിലൂടെയോ റേഡിയോയിലൂടെയോ അല്ല മറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ. കായംകുളംസ്വദേശിനി ലാലി അനില്‍കുമാര്‍ എന്ന അധ്യാപിക വെറുതെ പാടിയ പാട്ട് ഫെയ്സ്ബുക്കില്‍ ഇപ്പോള്‍ വൈറലാണ്.
പാട്ടുകേട്ടവരെല്ലാം തിരക്കിയ ഈ ഗായിക കാവാലം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഫിസിക്സ് അധ്യാപികയാണ്. സ്റ്റാഫ്റൂമില്‍ വെറുതെ പാടിയ പാട്ട് സഹപ്രവര്‍ത്തക ഫെയ്സ്ബുക്കിലിട്ടതോടെ അനുമോദനങ്ങളുടെയും പ്രോല്സാഹനങ്ങളുടെയും പെരുമഴയാണ്. ഗുരു എന്ന ചിത്രത്തിലെ പാട്ടിനായി ഇളയരാജ കണ്ടെത്തിയത് ഈ കായംകുളം സ്വദേശിനിയുടെ ശബ്ദമായിരുന്നു.
മൂന്നാം വയസില്‍ പാട്ട് പഠിച്ചുതുടങ്ങി. ഗുരുവിനുപിന്നാലെ വജ്രം എന്ന മമ്മൂട്ടി ചിത്രത്തില്‍ മാടത്തക്കിളി എന്ന പാട്ട് പാടി. പാട്ട് ഹിറ്റായിരുന്നെങ്കിലും സിനിമ പുറത്തിറങ്ങിയപ്പോള്‍ അതില്‍ ലാലിയുടെ ശബ്ദമോ പേരോ ഉണ്ടായിരുന്നില്ല. മറ്റുചില ചിത്രങ്ങള്‍ക്കുവേണ്ടിയും പാടിയെങ്കിലും ഫെയ്സ്ബുക്കില്‍ ഇപ്പോള്‍ ഇണ്ടായിക്കൊണ്ടിരിക്കുന്ന അനുമോദനം ആദ്യമായാണെന്ന് ലാലി. ഭാര്യക്ക് പാടാന്‍ നിറയെ അവസരങ്ങള്‍ കിട്ടണമെന്നഗ്രഹിച്ച അനില്‍കുമാര്‍ ഇന്നില്ല. ലാലി ടീച്ചര്‍ ദുഖത്തോടെയിരിക്കുന്നത് കാണുമ്പോള്‍ ആ വിഷമം മാറ്റാന്‍ സഹപ്രവര്‍ത്തകര്‍ പാട്ടുപാടിക്കും. അങ്ങനെപാടിയ പാട്ടാണ് ഇപ്പോള്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.