നൃത്തത്തിൽ ഒരു പരീക്ഷണത്തിനൊരുങ്ങുകയാണ് നടി കൃഷ്ണപ്രഭ. ശാസ്ത്രീയ നൃത്തരൂപങ്ങളെ കോര്‍ത്തിണക്കി രാധാമാധവം എന്ന പേരില്‍ അവതരിപ്പിക്കുന്ന നൃത്തനാടകത്തില്‍ കൃഷ്ണനായി കൃഷ്ണപ്രഭ അരങ്ങിലെത്തും. തൃപ്പൂണിത്തുറയിലെ ലായം കൂത്തമ്പലത്തില്‍ ഞായറാഴ്ച രാത്രിയാണ് നാടകാവതരണം.
ഭരതനാട്യം, കഥകളി, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ശാസ്ത്രീയ നൃത്തരൂപങ്ങളിലൂടെ കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയമാണ് രാധാമാധവം എന്ന പേരില്‍ അരങ്ങിലെത്തുന്നത്. കൃഷ്ണപ്രഭയ്ക്കൊപ്പം കലോല്‍സവ വേദികളിലെ തിളങ്ങുന്ന താരങ്ങളും അരങ്ങില്‍ നൃത്തച്ചുവടുകളുമായെത്തും. കുട്ടിക്കാലം മുതലേ തന്നെ ജീവനുതുല്യം സ്നേഹിച്ച നൃത്തത്തില്‍ വേറിട്ട പരീക്ഷണം നടത്തുന്നതിന്റെ ആവേശത്തിലാണ് കൃഷ്ണപ്രഭ.
ജുഗൽബന്ദി ശൈലിയിൽ അവതരിപ്പിക്കുന്ന രാധാമാധവം നടി ഗായത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഗീതാഗോവിന്ദത്തിൽ നിന്നും സ്വാതിതിരുനാൾ കൃതിയില്‍ നിന്നുമാണ് രാധാമാധവത്തിന്റെ സാഹിത്യഭാഗം രൂപപ്പെടുത്തിയിരിക്കുന്നത്. വിങ്സ് ഓഫ് ഫയർ എന്ന സംഘടനയാണ് രാധാമാധവം നിര്‍മിക്കുന്നത്.