കുടുംബ വഴക്കിനെ തുടര്‍ന്ന് ആലപ്പുഴ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ യുവാവിനെ പൊലീസുകാര്‍ മര്‍ദിച്ചതായി പരാതി. ഭാര്യയുടെയും അമ്മായിയമ്മയുടെയും മുന്നിലിട്ടാണ് സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ തല്ലിച്ചതച്ചെതെന്നാണ് ആരോപണം. പരാതിയെ തുടര്‍ന്ന് മൂന്ന് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
വെള്ളിയാഴ്ചയാണ് ആലപ്പുഴ ബുധനൂര്‍ സ്വദേശി സന്തോഷിനെ ചെങ്ങന്നൂര്‍ എസ്.ഐ. സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സന്തോഷും ഭാര്യയും ഉച്ചയോടെ സ്റ്റേഷനിലെത്തി. ഭാര്യാമാതാവുകൂടി വരുന്നതിനായി മൂന്നുമണിവരെ സ്റ്റേഷനില്‍ കാത്തിരുന്നു. ഭാര്യാമാതാവ് എത്തിക്കഴിഞ്ഞ് മൂവരോടും ശനിയാഴ്ച രാവിലെ വരാന്‍ നിര്‍ദേശിച്ചശേഷം എസ്.ഐ. പുറത്തേക്ക് പോയി. പുറത്തിറങ്ങിയ സന്തോഷിനെ മൂന്ന് സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ സ്റ്റേഷനുള്ളിലേക്ക് വിളിപ്പിച്ചു. തുടര്‍ന്നായിരുന്നു ക്രൂരമര്‍ദനം. ഭാര്യയും അമ്മായിയമ്മയും കേണപേക്ഷിച്ചിട്ടും മര്‍ദനം തുടര്‍ന്നുവെന്നാണ് പരാതി
രണ്ടുപേര്‍ പൊലീസ് വേഷത്തിലും ഒരാള്‍ സിവില്‍ വേഷത്തിലുമാണ് മര്‍ദിച്ചതെന്ന് എസ്.ഐയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീജേഷ്, സാലി, സുനില്‍കുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.