കോഴിക്കോട് പേരാമ്പ്രയിലെ കടിയങ്ങാട് പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പേരാമ്പ്ര സ്വദേശി ദിലീപാണ് മരിച്ചത്.
ഇന്നലെ വൈകിട്ടു മുതൽ ദിലീപിനെ കാണാതായിരുന്നു. അന്വേഷണത്തിനിടെയാണ്, മൃതദേഹം കടിയങ്ങാട് പുഴയിൽ പൊന്തിയത്. കഴുത്തിൽ ആഴത്തിലേറ്റ രണ്ടു മുറിവ് കണ്ടെത്തി. ദിലീപിന്റെ ഒരു കയ്യിൽ കത്തിയുമുണ്ടായിരുന്നു. കഴുത്തിലെ പരുക്കുകൾ നിരീക്ഷിക്കുമ്പോൾ സ്വയം മുറിവേൽപിച്ചതാകാമെന്ന് പൊലീസ് പറയുന്നു. അതേസമയം, അസ്വാഭാവികതകൾ എന്തെങ്കിലും ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ദിലീപ് ചികിൽസയിലായിരുന്നു. അവിവാഹിതനാണ്.
സംഭവസ്ഥലം ഫൊറൻസിക് വിദഗ്ധർ പരിശോധിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. കഴുത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് സൂചന. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ, വ്യക്തത വരൂ. പേരാമ്പ്ര പൊലീസിനാണ് അന്വേഷണ ചുമതല.