വിവാഹ ആഘോഷത്തിനിടെ വരന്റെ സംഘത്തെ വരവേൽക്കാൻ വച്ച വെടി ഉന്നംതെറ്റി കൊണ്ടു യുവതി മരിച്ചു. ഗുജറാത്തിലെ റാംപറ ഗ്രാമത്തിലാണു സംഭവം. അടുത്ത ഗ്രാമമായ ദേവധാരിയിൽനിന്നു വന്ന വരന്റെ സംഘത്തെ വധുവിന്റെ ഗ്രാമത്തിലെത്തിയപ്പോൾ സ്വീകരിക്കാനായി ആകാശത്തേക്കു വെടിവച്ചു.
എന്നാൽ, ഉണ്ട വരനോടൊപ്പം വന്ന നിതാ ഗോഹിലിന്റെ (28) ദേഹത്തു കൊള്ളുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുറ്റകരമല്ലാത്ത നരഹത്യയ്ക്കു പൊലീസ് കേസെടുത്തു.