കോഴിക്കോട് കൊടുവള്ളി ഏളേറ്റിൽ വട്ടോളിയിൽ യുവാക്കളുടെ ഗുണ്ടായിസം. രണ്ടു കാറുകളിൽ എത്തിയ പത്തംഗ സംഘമാണ് നടുറോഡിൽ മൂന്നു പേരെ മർദ്ദിച്ചത്. യുവാക്കൾ കാട്ടുന്ന പരാക്രമത്തിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
കോഴിക്കോട്ടെ രണ്ടു ഗ്രാമങ്ങളിലെ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിന്റെ തുടർച്ചയാണിത്. പരപ്പൻപൊയിൽ, എളേറ്റിൽ വട്ടോളി എന്നീ ദേശങ്ങൾ തമ്മിലാണ് വൈരം. അഞ്ചു വർഷം മുമ്പ് സ്കൂളിൽ പഠിക്കുമ്പോൾ വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടായി. ഇതിന്റെ തുടർച്ചയെന്നോണം അടി തുടർന്നു. കഴിഞ്ഞ ദിവസം വൈകിട്ട് രണ്ടു കാറുകളിലായി എത്തിയ പത്തംഗ സംഘം നടുറോഡിൽ ഗുണ്ടായിസം കാട്ടി. നാട്ടുകാരനായ ടി.പി.ഫാരിസിന്റെ ബൈക്ക് ചവിട്ടി വീഴ്ത്തി. ഇതുകണ്ട, രണ്ടു യുവാക്കൾ തടയാനെത്തി. പക്ഷേ, കാറിലുള്ളവർ അക്രമം അഴിച്ചുവിട്ടു.
ഫാരിസ്, ഫർഹാൻ, അഫ്സൽ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൊടുവള്ളി പൊലീസ് അന്വേഷിച്ചു വരുന്നു. കേസില്ലാതെ പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.