തൃശൂർ പാലിയേക്കര ടോൾ പ്ളാസയിലെ ജീവനക്കാരന് യാത്രക്കാരന്റെ മർദനം. കാറിൽ ബാരിക്കേഡ് തട്ടിയതിൽ പ്രകോപിതനായാണ് യാത്രക്കാരൻ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ മർദിച്ചത്. യാത്രക്കാരന് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
പാലിയേക്കരയിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ടോൾ നൽകാതെ കടന്ന് പോകാൻ ശ്രമിച്ച കാറിൽ ബാരിക്കേഡ് വന്ന് തട്ടി. വണ്ടി നിർത്തിയ ഡ്രൈവർ ഇറങ്ങിവന്നു. ടോൾ ബൂത്തിലിണ്ടായിരുന്ന ജീവനക്കാരനെ എടുത്തിട്ടിടിച്ചു. കംപ്യൂട്ടർ കീ ബോർഡ് എടുത്തെറിഞ്ഞിട്ടും കലിപ്പ് തീർന്നില്ല. ഒടുവിൽ ബാരിക്കേഡും തല്ലിയൊടിച്ചു.
ഇത്രയും ചെയ്തതിന്റെ ആശ്വാസത്തിൽ മടങ്ങിപ്പോയ യാത്രക്കാരനെതിരെ ടോൾ കമ്പനി പുതുക്കാട് പൊലീസിൽ പരാതി നൽകി. കാറിന്റെ നമ്പർ നോക്കി യാത്രക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മർദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.