ചെന്നൈ രാജ്യാന്തര മാരിടൈം അക്കാദമിയില്‍ മലയാളി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. മൂന്നു പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്. റാഗിങ്ങുമായ ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ചെന്നൈയ്ക്കടുത്ത് തിരുവള്ളൂരിലുള്ള ഇന്റര്‍നാഷണന്‍ മാരിടൈം അക്കാദിമിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. റാഗിങ്ങുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനിന്ന തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയ്ക്കും എറണാംകുളം സ്വദേശികളായ രണ്ടു പേര്‍ക്കുമാണ് കുത്തേറ്റത്. ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു. സച്ചിന് , വിധു, ജെറിന് , ആലിഫ് എന്നിവരാണ് പിടിയിലായത്.സംഭവവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ.
രണ്ടു വര്‍ഷം മുന്‍പാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായിരുന്ന സച്ചിനും സംഘവും ഒന്നാവര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്തിരുന്നു. പിന്നാലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ നല്കിയ പരാതിയെ തുടര്‍ന്ന് സച്ചിനടക്കമുള്ള സീനിയര്‍ വിദ്യാര്‍ഥികളെ രണ്ടു വര്‍ഷത്തേയ്ക്ക് ഹോസ്റ്റലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സസ്പെന്ഷന് കഴിഞ്ഞ് ഇവര്‍ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ ജൂനിയര്‍ വിദ്യാര്‍ഥികളോട് ഇവര്‍ പകരം വീട്ടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.