കാഞ്ഞിരപ്പള്ളി പാറത്തോട് വിധവയായ വീട്ടമ്മയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പുല്‍ക്കുന്ന് സ്വദേശികളാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടമ്മയെ മൂന്നംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്.
പുല്‍ക്കുന്ന് സ്വദേശികളായ ജിജോ കൃഷ്ണന്, ഇയാളുടെ മകന് വിഷ്ണു, സുഹൃത്ത് മണ്ണംപ്ലാവ് റിബിന് എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. പൊടിമറ്റം പൂല്ക്കുന്ന് ഭാഗത്തുകൂടി അമിത ശബ്ദത്തില്‍ ബൈക്ക് സ്ഥിരമായി ഓടിക്കുന്നതിനെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന് പിന്നില്‍ ഈ വീട്ടമ്മയാണെന്ന് ആരോപിച്ചാണ് വീട് കയറി ആക്രമണം നടത്തിയത്. സംഭവത്തില്‍ വീട്ടമ്മയുടെ മകനും പരിക്കേറ്റിരുന്നു. ഒളിവിലായിരുന്ന പ്രതികളെ പാറത്തോട്, മുണ്ടക്കയം ഭാഗങ്ങളില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.