എറണാകുളം പെരുമ്പാവൂര്‍ അല്ലപ്രയിലെ വീടുകളില്‍ മോഷണം നടത്താന്‍ ശ്രമിച്ചത് തമിഴ്നാട്ടില്‍ നിന്നുളള സംഘമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശിവഗംഗ സ്വദേശിയായ മുരുകനാണ് മോഷണ സംഘത്തിന്റെ തലവനെന്നും പൊലീസ് കണ്ടെത്തി. മോഷണശ്രമത്തിനിടെ വീടിന്റെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാക്കളെ കുറിച്ച് പൊലീസിന് സൂചന കിട്ടിയത്.
അല്ലപ്ര സ്വദേശി അജയ് വില്‍സന്റെ വീടിന്റെ സിസിടിവി കാമറയില്‍ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങളില്‍ നിന്നാണ് മോഷണ സംഘത്തെ കുറിച്ച് പൊലീസിന് സൂചന കിട്ടിയത്. തമിഴ്നാട്ടിലെ മധുരയ്ക്കടുത്ത് ശിവഗംഗ സ്വദേശിയായ മുരുകനാണ് സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുരുകന്റെ സംഘത്തിലുണ്ടായിരുന്ന അറുമുഖനെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരുടെയും കൂടുതല്‍ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു.
വീടിന്റെ ജനല്‍കമ്പികള്‍ അറുത്തും,വാതില്‍ പൊളിച്ചും ഉളളില്‍ കയറുന്നതാണ് മുരുകന്റെ രീതി. വല്ലപ്രയിലും സമാനമായ രീതിയിലാണ് മുരുകനും സംഘവും മോഷണം നടത്താന്‍ ശ്രമിച്ചതെന്ന കാര്യവും പൊലീസ് ചുണ്ടിക്കാട്ടുന്നു. 2009ല്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ ഇത്തരത്തില്‍ മുരുകന് മോഷണം നടത്തിയിരുന്നു. മുരുകനും അറുമുഖനുമൊപ്പം സംഘത്തിലുണ്ടായിരുന്ന മൂന്നാമനെ ഇനിയും തിരിച്ചറിയാനായിട്ടില്ല. പെരുമ്പാവൂര്‍ സര്ക്കിന് ഇന്‍സ്പെക്ടര്‍ ബൈജു കെ പൗലോസാണ് കേസ് അന്വേഷിക്കുന്നത്.