സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ അരി പാകം ചെയ്ത് കഴിഞ്ഞപ്പോൾ ചോറിന് നിറവ്യത്യാസം. ഭക്ഷണം കഴിച്ചപ്പോൾ അസ്വസ്ഥയുണ്ടായി. അടൂർ പന്നിവിഴ സ്വദേശി രാജുവിനും കുടുംബത്തിനുമാണ് അരിയിലെ നിറമാറ്റം ആശങ്കയ്ക്കിടയാക്കിയത്.
മൂന്ന് ദിവസം മുൻപാണ് സപ്ലൈക്കോയിൽ നിന്ന് അരി വാങ്ങിയത്. പാകം ചെയ്യുന്നതിനിടെ നിറവ്യത്യാസമുണ്ടായി. വെള്ള അരി വയലറ്റ് നിറത്തിലേയ്ക്ക് മാറുകയായിരുന്നു. വയറുവേദനയും ചർദിയും അനുഭവപ്പെട്ടതോടെ കൂടുതൽ പരിശോധിച്ചു. അവശേഷിക്കുന്ന അരി ഉപയോഗിച്ചില്ല. ആരോഗ്യ വകുപ്പ് അധികൃതർ അരിയുടെ സാംപിൾ ശേഖരിച്ചു.
അരിയുടെ നിറവ്യത്യാസം രാജു സപ്ലൈക്കോ അധികൃതരെ അറിയിച്ചെങ്കിലും മറ്റാരും പരാതി നൽകിയില്ലെന്നായിരുന്നു മറുപടി. പാത്രത്തിന്റെ നിലവാരം പരിശോധിക്കാനും നിർദേശിക്കുകയായിരുന്നു.