ഡ്രൈവറെ ആക്രമിച്ച് കോള്‍ ടാക്സിയുമായി കടക്കാന്‍ ശ്രമിച്ച കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍. ടാക്സി ഡ്രൈവറായ ചെന്നൈ സ്വദേശി മുരളീ കൃഷ്ണനെ ആക്രമിച്ച് കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ഇരുപത് കാരനായ മുഹമ്മദ് ഇര്ഫാന് ആണ് പിടിയിലായത്. കൂട്ടാളികളായ മൂന്നു പേര്‍ക്കായി പൊലിസ് തിരച്ചില്‍ ആരംഭിച്ചു.
ചെന്നൈ, കോവളത്തു നിന്ന് ബസന്ത് നഗറിലേയ്ക്ക് പോകാനാണ് മുഹമ്മദ് ഇര്ഫാനടക്കമുള്ള നാലു വിദ്യാര്‍ഥികള്‍ ടാക്സി വിളിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനിടെ ആളൊഴിഞ്ഞ മേഖലയില്‍ വച്ച് ഡ്രൈവറെ കൊന്നു കാര്‍ തട്ടിയെടുക്കാനായിരുന്നു പദ്ധതി. ഇഞ്ചന്പാക്കത്തെത്തിയപ്പോള് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ നാലു പേരും സമീപത്തെങ്ങും ആരുമില്ലെന്ന് ഉറപ്പു വരുത്തി. തുടര്‍ന്ന് ഡ്രൈവറായ മുരളീ കൃഷ്ണന്റെ കഴുത്തില്‍ കയറു കൊണ്ട് വരിഞ്ഞു മുറുക്കി. ആ സമയത്താണ് പൊലിസിന്റെ പട്രോളിങ് വാഹനം അതു വഴി വന്നത്. സംഭവം കണ്ട പൊലിസ് പാഞ്ഞടുത്തെങ്കിലും മുഹമ്മത് ഇര്ഫാന് മാത്രമാണ് പിടിയിലായത്. മൂന്നു പേര് ഓടി രക്ഷപ്പെട്ടു.
ആന്ധ്രാപ്രദേശിലെ കഡപ്പയില്‍ കൊണ്ടു പോയി കാര്‍ വില്‍ക്കാനായിരുന്നു പദ്ധതിയെന്ന് മുഹമ്മദ് ഇര്ഫാന് മൊഴി നല്കി. എളുപ്പത്തില്‍ പണം സമ്പാദിയ്ക്കാനാണ് മോഷണത്തിലേയ്ക്ക് തിരിഞ്ഞതെന്നും പ്രതി പൊലിസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇര്‍ഫാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.