തലശേരി മേഖലയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ബോംബുകളും വടിവാളും പിടിച്ചെടുത്തു. ഇല്ലത്തുതാഴത്തുനിന്നാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം വ്യത്യസ്ത സംഭവങ്ങളില്‍ ബി.ജെ.പി ,സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് പൊലീസ് റെയ്ഡ് ശക്തമാക്കിയത്.
ഇല്ലത്തുതാഴെ മനോളി കാവിനുസമീപത്തെ ഒാവുചാലിനടിയില് തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് ഒരു വടിവാളും മൂന്ന് സ്റ്റീല്‍ ബോംബുകളും കണ്ടെടുത്തത്.മനോളി കാവ് ഉല്‍സവത്തിന് മുന്നോടിയായി പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി റെയ്ഡ് നടത്തുകയായിരുന്നു.കാവിലെ ഉല്‍സവത്തോട് അനുബന്ധിച്ച് പ്രദേശത്ത് സംഘര്‍ഷങ്ങള്‍ പതിവായതോടെ കനത്തപൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കതിരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ പറാംകുന്നില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേര്‍ക്ക് കഴിഞ്ഞ ദിവസം ബോംബാക്രമണമുണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആര്‍എസ് എസ് പ്രവര്ത്തകന് സന്തോഷ് കൊല്ലപ്പെട്ട അണ്ടല്ലൂര്‍ കാവിലും മനോളി കാവിലും ഉല്‍സവം ആരംഭിക്കാനിരിക്കെ കനത്തനിരീക്ഷണത്തിലാണ് പൊലീസ്