കാഞ്ഞിരപ്പള്ളിയില്‍ വാഹന പരിശോധനയ്ക്കിടെ കസറ്റഡിയിലെടുത്ത സ്കൂട്ടര്‍ ഓടിച്ചു വന്ന പൊലീസുകാരന് അപകടത്തില്‍ പരുക്കേറ്റു. ഹെല്‍മറ്റ് ഇല്ലാതെ വന്ന യുവാക്കളാണ് ഇടിച്ചു വീഴ്ത്തിയത്.
ഹൈവേ പട്രോളിങ് സംഘത്തിലെ സിവില്‍ പൊലീസ് ഓഫിസറായ ചേനപ്പാടി തുരുത്തിക്കാവ് സ്വദേശി ടി.ജി.അഭിലാഷിനാണ് പരുക്കേറ്റത്. കാല്‍മുട്ടിന് പരുക്കേറ്റ അഭിലാഷിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെല്‍മറ്റില്ലാതെ മൂന്നു യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പൊലീസിനെ കണ്ട് വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടറില്‍ ഇടിച്ച് അപകടമുണ്ടായത്.
രാവിലെ 10 മണിയോടെ ദേശീയ പാതയില്‍ ഫയര്‍ സ്റ്റേഷന് സമീപമായിരുന്നു.അപകടം.ഹൈവേ പൊലീസ് 26-ാം മൈല്‍ ജംക്ഷനില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ അശ്രദ്ധമായി ഓടിച്ചു വന്നതിന് കസ്റ്റഡിയിലെടുത്ത സ്കൂട്ടര്‍ അഭിലാഷ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നാലെ ഹൈ പട്രോളിങ് വാഹനവും ഉണ്ടായിരുന്നു.
ഇതു കണ്ട് ഏതിര് ദിശയില്‍ മൂന്നു പേര് സഞ്ചരിച്ചു വന്ന ബൈക്ക് വട്ടം തിരിച്ച് കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടറില്‍ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. തുട്രന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കുറച്ചകലെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പട്ടിമറ്റം സ്വദേശി നവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക് എന്ന് പൊലീസ് പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.