മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തേക്ക്. ബാങ്ക് നടത്തിയ ചിട്ടിയില്‍ ഹെഡ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മാവേലിക്കര പൊലീസ് കേസെടുത്തു.
മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ ഹെഡ്ഓഫിസിലുള്ള അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്.കൃഷ്ണകുമാരിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പരാതിക്കാരന്റെ പേരിലുണ്ടായിരുന്ന ചിട്ടി രണ്ട് തവണ അടച്ച ശേഷം മുടങ്ങിയിരുന്നു. എന്നാല്‍ മൂന്നുവര്‍ഷത്തിനുശേഷം ചിട്ടിപിടിച്ച വകയില്‍ 63000 രൂപ കുടിശികയുണ്ടെന്ന് കാണിച്ച് പരാതിക്കാരന് നോട്ടിസ് ലഭിച്ചപ്പോഴാണ് ചിട്ടി മറ്റാരോ പിടിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാവേലിക്കര ശ്രീകൃഷ്ണവിലാസത്തില്‍ ഉണ്ണിക്കൃഷ്ണ പിള്ളയെന്നയെന്ന പേരില്‍ അസി. രജിസ്ട്രാറാണ് ചിട്ടി പിടിച്ചതെന്ന് വ്യക്തമായി. ബാങ്കിന്റെ ഓഡിറ്റര്‍കൂടി ആയതിനാല്‍ സ്വന്തംപേരില്‍ ചിട്ടിയില്‍ ചേരാനാകില്ലെന്നാണ് കൃഷ്ണകുമാരി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. ഇതോടെ പരാതിക്കാരനായ വി.ആര്.ടിജു സഹകരണബാങ്ക് സെക്രട്ടറിക്കും പൊലീസിനും പരാതി നല്കി.
സമാനമായ രീതിയില്‍ വേറെയും ചിട്ടികള്‍ കൃഷ്ണകുമാരി പിടിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഒരിക്കല്‍ പോലും ഉണ്ണികൃഷ്ണപിള്ള എന്നയാള്‍ ബാങ്കില്‍ ഒരു രേഖകളിലും ഒപ്പിടാനായി എത്തിയിട്ടില്ലെന്ന് സെക്രട്ടറി അന്നമ്മ മാത്യു പറയുന്നു. ചിട്ടി പിടിക്കുന്ന ആളിനെ നേരിട്ടു കാണാതെ തുകനല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള റിപ്പോര്‍ട്ടില്‍ സെക്രട്ടറി ഒപ്പിട്ടതെന്തിനാണെന്നുള്ളതും ദുരൂഹമാണ്. താലൂക്ക് സഹകരണബാങ്കിന്റെ തഴക്കര ശാഖയില്‍ നടന്ന മുപ്പത് കോടിയുടെ അഴിമതിയുടെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.