മൊബൈൽ ഫോണിൽ തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ ലഭിക്കുന്നുവെന്ന് മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ വർഷ ഗായ്ക്ക്വാഡ് വഡാല പൊലീസിൽ പരാതി നൽകി. മധ്യമുംബൈയിലെ ധാരാവി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വർഷയുടെ മൊബൈലിൽ ഇക്കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പു പ്രചാരണകാലത്താണ് അശ്ലീല സന്ദേശങ്ങൾ എത്തി തുടങ്ങിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് ഇതെന്നു കരുതി അവഗണിക്കുകയായിരുന്നു. ‘‘ഇത്തരം സംഭവങ്ങൾ സമീപകാലത്തു വർധിച്ചിട്ടുണ്ട്. ജനപ്രതിനിധിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ സ്ത്രീകളുടെ ഗതി എന്തായിരിക്കും? ’’– വർഷ ചോദിച്ചു. മൊബൈലിൽ അശ്ലീല സന്ദേശങ്ങൾ ലഭിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഷൈന എൻ.സി ഈയിടെ പൊലീസിൽ പരാതി നൽകിയിരുന്നു.