E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 11:50 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പ്രണയത്തിൽനിന്ന് ലഹരിയിലേക്ക്; കേരളമൊഴുകുന്നു രാസലഹരിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Drug
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിലെ പെൺകുട്ടി. ബിരുദപഠനത്തിനു ചേർന്നപ്പോൾ പാർട് ടൈം ജോലി തേടി കൊച്ചിയിലെ ഇടത്തരം വ്യാപാരശാലയിൽ എത്തി. യുവാവായ കടയുടമയുമായി പെൺകുട്ടി പ്രണയത്തിലായി. ഒരു വർഷം പിന്നിടുമ്പോഴേക്ക് യുവതി ലഹരി ഉപയോഗിച്ചു തുടങ്ങി. കാമുകനാണു ‘മരുന്ന്’ നൽകുന്നത്. കടയുടമ ലഹരി വ്യാപാരത്തിലെ കണ്ണിയായിരുന്നു. മെല്ലെ മരുന്നുകടത്തിന്റെ കണ്ണിയായി യുവതി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അവൾ ലഹരി എത്തിച്ചുകൊടുത്തു. ലഹരി ഉപയോഗം നിത്യജീവിതത്തിന്റെ ഭാഗമായി. 

മാറ്റങ്ങൾ കണ്ടുപിടിച്ചതു മാതാപിതാക്കൾ തന്നെ. അവർ മകളെ നിർബന്ധിച്ച് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർക്കു മുൻപിൽ അവൾ മനസ്സു തുറന്നു. ചികിൽസയ്ക്കുശേഷം ലഹരി കടത്തും ഉപയോഗവും അവൾ അവസാനിപ്പിച്ചു. പക്ഷേ, പ്രേമബന്ധം അവസാനിപ്പിക്കാനായില്ല. ബിരുദ പഠനത്തിന്റെ അവസാന വർഷം അവൾ വീണ്ടും ലഹരിയുടെ പിടിയിലായി. വീണ്ടും ചികിൽസ. 

കാമുകനുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന ഡോക്ടറുടെ നിർദേശം പാലിക്കാൻ വീട്ടുകാർ 24 മണിക്കൂറും ജാഗ്രത പാലിച്ചു. അപ്പോൾ ഭീഷണിയായി. അങ്ങനെ പൊലീസ് സ്റ്റേഷനിലെത്തി പരാതി എഴുതി നൽകി. വീട്ടിൽ തിരികെ എത്തുംമുൻപു ഭീഷണിയുമായി ഫോൺവിളി വന്നു. പരാതിയുടെ വിവരം പൊലീസ് സ്റ്റേഷനിൽനിന്നു തന്നെ മിനിറ്റുകൾക്കുള്ളിൽ ചോർന്നു! ചോർത്തിയത് ആരായാലും മറ്റ് ഓഫിസർമാർ നൽകിയ പിന്തുണ ജീവിതത്തിൽ പിടിച്ചുനിൽക്കാൻ അവളെ സഹായിച്ചു. ലഹരി മാഫിയ അവളുടെ മേലുള്ള പിടിവിട്ടു. യുവതി ബിരുദപഠനവും ജീവിതപഠനവും തുടരുകയാണ്. ഓർക്കുക: പെട്ടുപോയ എല്ലാവരും തിരിച്ചുവരവെന്ന ഈ ഭാഗ്യം അനുഭവിക്കുന്നില്ല. 

ആ കോളജിലേക്ക് അവനെ വിടല്ലേ!

അയൽ സംസ്ഥാനത്തു ബിടെക് പഠിക്കുകയാണവൻ. മിടുക്കൻ, സൽസ്വഭാവി. അവധിക്കു നാട്ടിൽ വന്നു. ആ നാളുകളിലൊന്നിൽ ബൈക്കപകടം ഉണ്ടായി. പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരിക്ക് അടിമയാകുന്നവർ അതു കിട്ടാതാകുമ്പോൾ കാണിക്കുന്ന വിഭ്രാന്തികൾ പയ്യൻ കാട്ടിയപ്പോൾ നഴ്സുമാർക്കും ഡോക്ടർക്കും കാര്യം പിടികിട്ടി. പക്ഷേ, രക്ഷിതാക്കൾ ആദ്യം വിശ്വസിച്ചില്ല. 

പഠനത്തിന്റെ സമ്മർദത്തിൽനിന്നു മോചനം എന്ന നിലയ്ക്ക് ആദ്യം പുകവലി, പിന്നെ മദ്യപാനം, അടുത്ത ഘട്ടമായി ലഹരിവസ്തുക്കൾ എന്ന രീതിയിൽ പെട്ടുപോവുകയായിരുന്നു എന്നു കുറ്റസമ്മതം. ആശുപത്രി വിടുമ്പോൾ ഡോക്ടർമാർ ഉപദേശിച്ചു: ‘‘ആ കോളജിലേക്ക് ഇനി ഇവനെ വിടരുത്.’’ ഓർക്കുക: ഒരിക്കൽ ലഹരിക്ക് അടിമയായാൽ സമാനസാഹചര്യങ്ങൾ വീണ്ടും ഉണ്ടാകുമ്പോൾ വീണുപോകും എന്ന യാഥാർഥ്യം മനസ്സിലാക്കി പ്രതികരിക്കുക.

അമ്മയും മക്കളും ചേർന്ന കച്ചവ‌ടം

തെക്കൻകേരളത്തിലെ ഒരു പ‌ട്ടണത്തിൽ ഒൻപതിലും ആറിലും പഠിക്കുന്ന കുട്ടികളെ ഉപയോഗിച്ചു കഞ്ചാവു കച്ചവടം ന‌ടത്തുന്ന അമ്മയുണ്ടായിരുന്നു. അമ്മ മുൻപേ നടക്കും. കഞ്ചാവുപൊതി മക്കളുടെ പോക്കറ്റിലായിരിക്കും. ആവശ്യക്കാർ വന്നാൽ മക്കളുടെ കയ്യിൽ നിന്നു വാങ്ങി നൽകും. എക്സൈസോ പൊലീസോ അമ്മയെ പരിശോധിച്ചാൽ ഒന്നും കിട്ടില്ല. ഈ സമയം കൊണ്ടു മക്കൾ ഓടിരക്ഷപ്പെടുകയും ചെയ്യും. ഏറെ ദിവസത്തെ പരിശ്രമത്തിനൊടുവിൽ അവരെ പിടികൂടി ജയിലിലേക്കും കുട്ടികളെ ദുർഗുണപരിഹാര പാഠശാലയിലേക്കും അയച്ചു. 

റെഡി ടു സ്മോക്ക് 

കഞ്ചാവു കയ്യിൽ കിട്ടാൻ അവസരമുണ്ടെങ്കിലും അത് എങ്ങനെ വലിക്കുമെന്നറിയാത്തതിനാൽ ആ വഴി പോകാൻ മടിക്കുന്ന വിദ്യാർഥികളുണ്ട്. ഇതിന്റെ പേരിൽ ആരും വലയിൽനിന്നു വഴുതിപ്പോകാതിരിക്കാൻ പെരുമ്പാവൂരിലെ കഞ്ചാവു സംഘം കണ്ടെത്തിയ വഴിയാണു കഞ്ചാവു സിഗരറ്റ് വിൽപന. റെഡി ടു ഈറ്റ് ചപ്പാത്തി മാതൃകയിൽ റെഡി ടു സ്മോക്ക് കഞ്ചാവ്. ഏതാനും മാസം മുൻപു പെരുമ്പാവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവു നിറച്ച നൂറു സിഗരറ്റുകളാണ് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 

മട്ടുപ്പാവിലെ കൃഷി

കൊച്ചി എളമക്കരയിലെ രണ്ടുനില വീടിന്റെ മുകൾനിലയിൽ അവിവാഹിതനായ മകനും താഴത്തെ നിലയിൽ മാതാപിതാക്കളുമാണു താമസം. മകൻ താമസിക്കുന്ന നിലയിലേക്കു മാതാപിതാക്കൾക്കു പ്രവേശനമുണ്ടായിരുന്നില്ല. എപ്പോഴും മുറിയടച്ചിരിക്കുന്ന മകൻ അവിടെ എന്തു ചെയ്യുന്നുവെന്നു തിരക്കാനുള്ള അവകാശവും അവർക്കുണ്ടായിരുന്നില്ല. പൊലീസ് വീട്ടിലെത്തിയപ്പോഴാണു മുകൾ നിലയിൽ മകൻ കഞ്ചാവു കൃഷി നടത്തുന്ന കാര്യം ഇവർ അറിയുന്നത്. 

ചെടിക്കു പുറമേ, ഒന്നേകാൽ കിലോ കഞ്ചാവു സഹിതമാണു മകനെ പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിൽനിന്നു കഞ്ചാവു കൊണ്ടുവന്നു നഗരത്തിലെ വിദ്യാർഥികൾക്കിടയിൽ വിറ്റഴിക്കലായിരുന്നു ഇയാളുടെ രീതി. ഉപഭോക്താക്കളെ കണ്ടെത്താനുള്ള എളുപ്പവഴിയെന്ന നിലയ്ക്ക് സുഹൃത്തുക്കളുമായി ചേർന്നു ഹോസ്റ്റലും നടത്തുന്നുണ്ടായിരുന്നു. ചെടി വളർത്തിയതു കൗതുകം എന്ന നിലയ്ക്കാണെന്നാണു പൊലീസിനു നൽകിയ മൊഴി.

സീനിയർ പഠിപ്പിക്കുന്നത്

കോയമ്പത്തൂരിലെ പ്രശസ്തമായ എൻജിനീയറിങ് കോളജ്. സമൂഹത്തിൽ ഏറെ വിലയും നിലയുമുള്ള മാതാപിതാക്കൾ പ്രതീക്ഷയോടെ പഠിക്കാൻ അയച്ചതാണു മകളെ. ഒന്നാം സെമസ്റ്റർ പൂർത്തിയാകുംമുൻപ് കോളജിൽനിന്നു വിളിയെത്തി. മകളെ വന്നു കൊണ്ടുപോകണം എന്നു മാത്രമായിരുന്നു സന്ദേശം. 

മാതാപിതാക്കൾ കോയമ്പത്തൂരിൽ മകളുടെ ഹോസ്റ്റലിൽ എത്തിയപ്പോൾ കണ്ട കാഴ്ച ആരുടെയും ഹൃദയം പിളർക്കുന്നതായിരുന്നു. ലഹരിക്ക് അടിമപ്പെട്ടു ജീവച്ഛവമായ നിലയിൽ ഏക മകൾ. പഠനം അവസാനിപ്പിച്ചു മകളെ ആലുവയിലെ വീട്ടിലെത്തിച്ചു. സാധാരണ ജീവിതത്തിലേക്കു പതിയെ തിരിച്ചുവന്ന ശേഷമാണ്, തന്നെ ലഹരിയുപയോഗിക്കാൻ പരിശീലിപ്പിച്ചതു സീനിയർ വിദ്യാർഥിയായ മലയാളിയാണെന്നു പെൺകുട്ടി വെളിപ്പെടുത്തിയത്. 

മെഷീൻ ചുരത്തും മദ്യരുചി

ബെംഗളൂരുവിലെ ബീയർ ചുരത്തുന്ന വെൻഡിങ് മെഷീൻ മാതൃകയിൽ എറണാകുളം ജില്ലയിൽ പലയിടത്തും കൂൾബാറുകളിലുണ്ട്. പ്രത്യേകിച്ച് സ്കൂൾ, കോളജ് വിദ്യാർഥികൾ കൂടുതലുള്ള സ്ഥലങ്ങളിൽ. ബീയറിന്റെയും വിസ്കിയുടെയും മണവും രുചിയുമുള്ള കോളയാണ് ഈ വെൻഡിങ് മെഷീൻ ചുരത്തുക. 

ബീയറോ, വിസ്കിയോ ഏതു ഫ്ലേവർ വേണമെന്നു പറഞ്ഞുകൊടുത്താൽ മതി. ഇളംപ്രായത്തിൽ മദ്യത്തിന്റെ രുചി വിദ്യാർഥികളുടെ നാവിൽ തേച്ചുകൊടുക്കുകയാണ്. മദ്യത്തിന്റെ മണവും രുചിയും ഉണ്ടെന്നല്ലാതെ ആൽക്കഹോൾ അംശം ഇവയിലില്ലാത്തതിനാൽ എക്സൈസിനോ പൊലീസിനോ കേസെടുക്കാൻ കഴിയുന്നില്ല.

വേലിതന്നെ വിളവ് തിന്നുമ്പോൾ

ഒരു ഗുളിക, രണ്ടു സിഗരറ്റ്, കടുപ്പത്തിൽ ഒരു കട്ടൻചായ... ഒരുദിവസം മുഴുവൻ ലഹരിയിൽ മുങ്ങാൻ ഇതുമതിയത്രേ. മണമില്ല, ആരും അറിയുകയുമില്ല. ഡോക്ടറുടെ പൂർണനിർദേശത്തിലും മേൽനോട്ടത്തിലും പരിമിതമായ അളവിൽ മാത്രം കഴിക്കാവുന്ന മരുന്നുകൾ ലഹരിയായി ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. അവർക്ക് എവിടെനിന്നാണ് ഈ ലഹരിക്കൂട്ടിനു വേണ്ട മരുന്നു ലഭിക്കുന്നത്? 

പ്രതികളിൽ മെഡിക്കൽ സ്റ്റോറുടമകൾ മാത്രമല്ല; ചില മെഡിക്കൽ വിദ്യാർഥികൾ വരെയുണ്ട്. ലഹരിമരുന്നു വാങ്ങാൻ ഡോക്ടറുടെ ലെറ്റർ പാഡ് അടിച്ചുമാറ്റുന്നതു കൊച്ചിയിലെ പുതിയ പ്രവണതയാണ്. ഡോക്ടർമാരുടെ ലെറ്റർ ഹെഡുകൾ മോഷ്ടിച്ച്, കുറിപ്പടി ഒന്നിന് 500 രൂപ മുതൽ മുകളിലേക്കു വിൽപന നടത്തുന്ന സംഘങ്ങളും കൊച്ചിയിലുണ്ട്.

നരകതുല്യമാവും ഈ ജീവിതം

ലഹരിക്കായി ആംപ്യൂളുകൾ കുത്തിവയ്ക്കുന്നവരുടെ ജീവിതം അവസാനമാകുമ്പോഴേക്കു നരകതുല്യമാകും. കയ്യിൽ കുത്തിവച്ചാണ് ആദ്യം തുടങ്ങുക. പിന്നീടതു കാലിലെ ഞരമ്പുകളിലാകും. എത്രയും പെട്ടെന്നു ലഹരി കിട്ടുന്നതിനായി ജനനേന്ദ്രിയത്തിലും വൃഷണത്തിലും കുത്തിവയ്ക്കുന്നവരുണ്ട്. കേരളത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരിലെ ദുരൂഹമരണങ്ങൾ പലതും ഇതുകൊണ്ടാണെന്നു സംശയിക്കുന്നതായി ഈ മേഖലയിലുള്ളവർ പറയുന്നു.

ലഹരി ഉപയോഗിച്ചതിനും കടത്തിയതിനും ദിനംപ്രതിയെന്നോണമാണ് അറസ്റ്റും കേസും. പക്ഷേ, കുറ്റകൃത്യങ്ങൾ മാത്രം കുറയുന്നില്ല. അറസ്റ്റിനു ശേഷം എന്താണു സംഭവിക്കുന്നത് ? അതേക്കുറിച്ചു നാളെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :