കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ നാളെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും.നാലുദിവസം കസ്റ്റഡിയില്‍ വാങ്ങി പ്രതിചേര്‍ക്കപ്പെട്ടവരുടെ പങ്കാളിത്തം സംബന്ധിച്ച് ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘത്തിന്റെ പ്രധാനലക്ഷ്യം. ഇതിനിടയില്‍ കേസിലെ മറ്റുപ്രതികള്‍ക്കുവേണ്ടി ഇന്നലേയും പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കണ്ണൂര്‍ സബ് ജയിലില്‍ കഴിയുന്ന ഫാ.റോബിന് വടക്കുംചേരിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസിന്റെ ലക്ഷ്യം. പെണ്‍കുട്ടിയെ പ്രസവസമയത്തും പിന്നീടും സഹായിച്ചവരെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. പ്രതിചേര്‍ക്കപ്പെട്ടവരുടെ പങ്കാളിത്തം സംബന്ധിച്ചും ഫാ.റോബിന്റെ മൊഴി നിര്‍ണായകമാണ്. പ്രതിചേര്ത്തിരിക്കുന്നവരുടെ മൊഴി കൂടി ശേഖരിച്ചശേഷം റോബിനെ കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതിയെന്നായിരുന്നു പൊലീസിന്റെ തീരുമാനമെങ്കിലും പ്രതികളില്‍ ഭൂരിഭാഗവും മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിച്ചതോടെ വിജയിച്ചില്ല. മറ്റുള്ളവരെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ലഭിച്ചമൊഴികളുടേയും ശേഖരിച്ച തെളിവുകളുടേയും അടിസ്ഥാനത്തില്‍ ഫാ.റോബിനെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ പ്രതികള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിലവിലെ പത്തുപ്രതികളില് കൂടാതെ മറ്റുള്ളവരിലേക്കും പ്രതിപ്പട്ടിക നീളുമോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.ശിശുക്ഷേമസമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഫാ.തോമസ് തേരകത്തിന്റേയും സി.ബെറ്റിയുടേതും ഉള്‍പ്പെടെയുള്ള മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്. എട്ടാംപ്രതി സി. ഒഫീലിയയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിെല നിലവിലെ ബഞ്ച് പിന്മാറി. പകരം വെള്ളിയാഴ്ച വാദം മറ്റൊരുബെഞ്ചിലായിരിക്കും.