മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലുണ്ടായ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം പുതിയ വഴിത്തിരിവില്‍. ക്രമക്കേട് നടന്നത് ഹെഡ്ഓഫിസിലാണെന്ന ആരോപണവുമായി സസ്പെന്‍ഷനിലായ മാനേജര്‍ രംഗത്തെത്തി. ഓഫിസ് രേഖകള്‍ പരിശോധിച്ചശേഷമായിരുന്നു മുന്‍ മാനേജരുടെ ആരോപണം.
തഴക്കര ബ്രാഞ്ചുമായി ബന്ധപ്പെട്ട് ഹെഡ്ഓഫിസിലുള്ള രേഖകള്‍ പരിശോധിച്ചപ്പോള്‍ ഏഴുകോടിരൂപയുടെ ക്രമേക്കേട് കണ്ടെത്തിയെന്നാണ് ജ്യോതി മധു പറയുന്നത്. മാനേജര്‍ ഒപ്പിടാത്ത വൗച്ചറുകള്ക്കടക്കം പണം അനുവദിച്ചിട്ടുണ്ട്. തഴക്കര ബ്രാഞ്ചില്‍നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല. പണം നഷ്ടപ്പെട്ടതായി ഇതുവരെ ഒരു ഇടപാടുകാരനും പരാതിപ്പെട്ടിട്ടില്ലെന്നും ജ്യോതി മധു പറയുന്നു. ഹെഡ്ഓഫിസ് കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ അഴിമതിയുടെ യാഥാര്‍ഥ്യം പുറത്തുവരുമെന്ന നിലപാടിലാണ് മുന്‍ മാനേജര്‍.
ഹെഡ്ഓഫിസിലെ രേഖകള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി സസ്പെന്‍ഷനിലായ മുന്‍ മാനേജര്‍ ജ്യോതി മധു കഴിഞ്ഞ ദിവസം മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെത്തിയത് ചെറിയതോതില്‍ വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയത്. തഴക്കര ബ്രാഞ്ചില്‍ മുപ്പത് കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാനേജരെയും രണ്ട് ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തത്.