കൊച്ചി ചെല്ലാനത്ത് പൊലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസുകാർക്കെതിരെയും അന്വേഷണം. പ്രതികളെ പിടികൂടാനെത്തി വീട് അടിച്ചുതകർത്ത സംഭവത്തിലടക്കം കമ്മീഷണർ റിപ്പോർട്ട് തേടി. അതേസമയം അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
ചെല്ലാനം സെന്റ്സെബാസ്റ്റ്യൻസ് പള്ളിപെരുന്നാളിനോടുനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്കിടെയായിരുന്നു ഈ സംഘർഷം. പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. ഗാനമേളയ്ക്കിടെ വേദിയിൽ കയറിയ യുവാവ് പൊലീസ് തന്നെ കാരണമില്ലാതെ മർദിച്ചെന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കമായത്. യുവാവിനെ വേദിയിൽ നിന്ന് പിടിച്ചിറക്കാൻ പൊലീസ് ശ്രമിച്ചതോടെ കലാപമായി.
സംഘർഷത്തിൽ എസ്ഐ അടക്കം അഞ്ചു പൊലീസുകാർക്കും ഇരുപതോളം നാട്ടുകാർക്കും പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെ പൊലീസ് പ്രതികളുടെ വീടാക്രമിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ സംഭവത്തിലടക്കമാണ് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് തേടിയത്. പൊലീസുകാരെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന പതിനഞ്ചുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.