ആലപ്പുഴ ഹരിപ്പാട്ട് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജിഷ്ണു, കൊലപാതക ശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഉല്ലാസിന്റെ മരണവുമായി ജിഷ്ണുവിന് ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇതിലെ പകതീര്ക്കലാകാം ജിഷ്ണുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
കരുവാറ്റ ക്ഷേത്രത്തിലെ കാവടി നടക്കുന്ന ദിനം. കാവടിയുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലുള്ളവര്‍ ക്ഷേത്രത്തിലേയ്ക്ക് പോകുമെന്ന് ഗുണ്ടാസംഘത്തിന് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെയാണ് ഏറെ ആസൂത്രിതമായി നടത്തിയ ഈ കൊലപാതകത്തില്‍ പഴയ ചില കേസുകള്‍ കൂടി പൊലീസ് പരിശോധിക്കുന്നത്. കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട കരുവാറ്റ സ്വദേശി ഉല്ലാസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ജിഷ്ണുവിന്റെ കൊലപാതവും.
ഇത് രണ്ടും തമ്മില്‍ ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നതിലും ചില കാരണങ്ങളുണ്ട്. കൊല്ലപ്പെട്ട ഉല്ലാസും ജിഷ്ണുവും തമ്മില്‍ നാളുകളായുള്ള വൈരാഗ്യമുണ്ട്. ഇരുവരും ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കിലും കൊലപാതകത്തില്‍ ഒരുവിധത്തിലുള്ള രാഷ്ട്രീയ ബന്ധവുമില്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു. കരുവാറ്റയിലെ രണ്ട് ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരനായ ഉല്ലാസിന്റെ കൊലയില്‍ കലാശിച്ചത്. ഇതിന്റെ പകതീര്ക്കലാകാം ജിഷ്ണുവിനെ വകവരുത്തിയതെന്നാണ് പൊലീസ് നല്കുന്ന സൂചന. അതുകൊണ്ട് തന്നെ ഉല്ലാസ് ഉള്‍പ്പെട്ടിരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഹരിപ്പാട്, തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനുകളിലായി ആറ് കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട വിഷ്ണു. ഇതില്‍ മൂന്നെണ്ണം വധശ്രമ കേസാണ്.