കണ്ണൂര്‍ പരിയാരത്ത് നാട്ടുകാര്‍ക്ക് ശല്യക്കാരനാണെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു. വായാട് സ്വദേശികളായ നൗഷാദ്, അബ്ദുല്ലക്കുട്ടി, സിറാജ്, മുഹാസ്, ഷിഹാബ് എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റുചെയ്തത്. ബക്കളം സ്വദേശിയായ മൊട്ടന്റകത്ത് അബ്ദുല്‍ ഖാദറിനെ ബുധനാഴ്ച രാവിലെയാണ് വായാട് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബനിയനും അടിവസ്ത്രവും തോര്‍ത്തും ധരിച്ചനിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ രണ്ടു കാലുകളും കെട്ടിയ നിലയിലായിരുന്നു.കൈകളും കാലുകളും അടിയേറ്റ് ഒടിഞ്ഞിരുന്നു.നാട്ടുകാര്‍ക്ക് ശല്യക്കാരനായ അബ്ദുല്‍ ഖാദറിനെ കൈകാര്യം ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ കുടുങ്ങിയത്. മോഷണക്കേസില്‍ പ്രതിയായിരുന്ന ഖാദര്‍ മാനസീക വൈകൃതം പ്രകടിപ്പിച്ചിരുന്നു. ഒളിഞ്ഞുനോട്ടമടക്കമുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്ന ഖാദര്‍ ഭാര്യവീട് സ്ഥിതിചെയ്യുന്ന വായാട് പ്രദേശത്തേക്ക് വ്യാജസന്ദേശം നടത്തി ആംബുലന്‍സ് , ഫയര്‍ഫോഴസ് , ടാക്സി എന്നിവ വിളിച്ചുവരുത്തുക, വായാട് രാത്രിയില്‍ നിര്‍ത്തിയിടുന്ന ബസുകളുടെ ചില്ലുകള്‍ തകര്‍ക്കുകയും ശീലമാക്കിരുന്നതായി പൊലീസ് പറഞ്ഞു.
ഇതിന്റെ ശിക്ഷയായാണ് പ്രതികള്‍ അബ്ദുല്‍ ഖാദറിനെ കാറില്‍കയറ്റി മര്‍ദിച്ചത്. പുലര്‍ച്ചെ നാലുമണിയോടെ റോഡരികില്‍ ഉപേക്ഷിച്ചു. മൂന്നുമണിക്കൂറിലധികം റോഡരികില്‍ കിടന്ന അബ്ദുല്‍ ഖാദര്‍ ഏഴുമണിയോടെയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ നാട്ടുകാര്‍ കണ്ടെങ്കിലും ആരും ആശുപത്രിയിലെത്തിക്കാന്‍ തായാറായില്ലെന്നും പൊലീസ് പറഞ്ഞു.പ്രതികള്‍ അഞ്ചുപേരുടേയും പേരില്‍ മറ്റുക്രിമിനല്‍ കേസുകള്‍ നിലവിലില്ലെന്നും പൊലീസ് പറഞ്ഞു. പ്രതികളെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും.