ആലപ്പുഴ ചേര്‍ത്തലയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛന് ആത്മഹത്യ ചെയ്തു. ഇന്‍ഫോപാര്‍ക്കിന് സമീപം വടക്കുംകരയിലെ ചന്ദ്രനും മകള്‍ പ്രിയയുമാണ് മരിച്ചത്. മകളുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന ശേഷം അച്ഛന് സമീപത്തെ വീടിന്റെ സണ്‍ഷെയ്ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു. മകള്‍ക്കുണ്ടായ മാനസിക വൈകല്യത്തിന്റെ നിരാശയിലാണ് കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.
പള്ളിപ്പുറം വടക്കുംകര സ്വദേശി അറുപതുകാരനായ ചന്ദ്രന് ഓട്ടോറിക്ഷാ തൊഴിലാളിയാണ്. ഒന്നരവര്‍ഷം മുമ്പാണ് രണ്ട് പെണ്മക്കളില് ഒരാളായ പ്രിയയുടെ വിവാഹം കഴിഞ്ഞത്. വര്‍ക്ക്ഷോപ്പ് നടത്തുന്ന ഭര്‍ത്താവിനും ആറുമാസം പ്രായമുളള കുട്ടിക്കുമൊപ്പം പാണാവള്ളിയിലെ വീട്ടിലായിരുന്നു ഇവര്‍ താമസം. കഴിഞ്ഞ ദിവസം വൈകിട്ട് ചന്ദ്രനെത്തി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മകളെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു. രാത്രി പ്രിയയുടെ അമ്മ കുഞ്ഞിനെ ഉറക്കാന്‍ കൊണ്ടുപോയി. തുടര്‍ന്ന് ഒറ്റക്കായ മകളെ ചന്ദ്രന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്.
തുടര്‍ന്ന് ഇയാള്‍ അടുത്ത വീട്ടിന്റെ സണ്‍ഷൈഡില്‍ തൂങ്ങിമരിച്ചു. മകള്‍ മാനസിക രോഗിയാണെന്നും ആ വിഷമം താങ്ങാന്‍ കഴിയുന്നില്ലെന്നും എഴുതിയ കുറിപ്പ് വീട്ടില്‍ നിന്ന് കിട്ടിയിട്ടുണ്ട്. രാവിലെ ചന്ദ്രനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ മരുമക്കളെ വിവരമറിക്കുകയായിരുന്നു. അപ്പോഴൊന്നും പ്രിയയുടെ മരണം ആരും അറിഞ്ഞിരുന്നില്ല. മരണവിവരമറിഞ്ഞെത്തിയ ഭര്‍ത്താവ് മുറിയിലേക്ക് ചെന്നപ്പോഴാണ് ഭാര്യ കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലു മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.