കളമശേരി എച്ച്എംടി ജംക്ഷനിലെ ഫിറ്റ്പാക് ഇലക്ട്രോണിക്സ് കടയിൽ മോഷണം നടത്തിയ ആൾ പിടിയിലായി.കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ മോഷണ ദൃശ്യങ്ങളാണ് മോഷ്ടാവിനെ പിടികൂടാൻ സഹായകമായത്. എൻഎഡി ശാന്തിഗിരിക്കു സമീപം താമസിക്കുന്ന ശിവദാസൻ (45) ആണ് പിടിയിലായത്, വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
കടയിൽ റിമോട്ട് കൺട്രോൾ വാങ്ങാനെന്ന വ്യാജേനയായിരുന്നു മോഷണം. ഇയാൾ ആവശ്യപ്പെട്ട പ്രകാരം കടയുടമ റിമോട്ട് കൺട്രോൾ എടുക്കാൻ മാറുന്നതിനിടയിലാണ് കാർ സ്റ്റീരിയൊ എടുത്ത് ബാഗിനകത്താക്കിയത്. മറ്റൊരാൾ സ്റ്റീരിയൊ വാങ്ങാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം കടയുടമ അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണം നടത്തുന്നതു കാണാനായി. ഉടൻ തന്നെ ഈ ദൃശ്യങ്ങൾ സഹിതം പൊലീസിനു പരാതി നൽകിയിരുന്നു. സാമൂഹ മാധ്യമങ്ങളിലും മോഷണദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.