പഞ്ചാബില്‍ നരഭോജിയായ പതിനാറുകാരന് കൂട്ടുകാരനെ കൊന്നുതിന്നു. ലുധിയാന ദുഗ്രിയിലാണ് നാടിനെ നടുക്കിയ സംഭവം. ഒന്‍പത് വയസുകാരനെ കൊലപ്പെടുത്തി ആറു കഷ്ണങ്ങളാക്കി മുറിച്ച ശേഷം,, പതിനാറുകാരന് മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്തുവെന്ന് പൊലീസ് കണ്ടെത്തി. മനുഷ്യമാംസം കഴിക്കാനുളള ആഗ്രഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ലുധിയാനയിലെ ദുഗ്രിയില് ഈമാസം പതിനേഴിനാണ് ഒന്‍പതു വയസുകാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ച് വികൃതമാക്കിയിരുന്നു. ഹൃദയവും ആന്തരിക അവയവങ്ങളും എടുത്തുമാറ്റിയിരുന്നു. ഭീകരമായ കാഴ്ച കണ്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊലയാളിയിലേക്കുളള സൂചന ലഭിച്ചത്.
കൊല്ലപ്പെട്ട ദീപുവും പതിനാറുകാരനും ഒരുമിച്ച് നടന്നുനീങ്ങുന്ന ദൃശ്യം ലഭിച്ചതോടെ പൊലീസ് പതിനാറുകാരനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ഈമാസം പതിനാറിന് ഉച്ചയ്ക്കാണ് പതിനാറുകാരന് പട്ടം പറത്താനെന്ന പേരില്‍ കൂട്ടുകാരനെ വിളിച്ചുകൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ദീപുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം മൃതദേഹം ആറുകഷ്ണങ്ങളാക്കി മുറിച്ചുമാറ്റി. മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്തു. ഹൃദയവും ആന്തരിക അവയവങ്ങളും മൃതദേഹത്തില്‍ നിന്ന് എടുത്തുമാറ്റി. ഹൃദയം താന്‍ പഠിക്കുന്ന സ്കൂളിലേക്ക് വലിച്ചെറിഞ്ഞറിഞ്ഞതായി പതിനാറുകാരന് പൊലീസിന് മൊഴി നല്കി. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ സ്കൂള്‍ പരിസരത്തു നിന്നും ഹൃദയത്തിന്റെ അവശിഷ്ടം കണ്ടെത്തി.
മനുഷ്യമാംസത്തോടുളള ആസക്തിയാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പതിനാറുകാരന് പൊലീസിനോട് പറഞ്ഞു. സ്വന്തം വിരല്‍ കടിച്ചുതിന്നാന്‍ പലപ്പോഴും ആഗ്രഹം തോന്നിയിട്ടുണ്ടെന്നും പൊലീസിനോട് വെളിപ്പെടുത്തി. അറസ്റ്റിലായ പതിനാറുകാരനെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ പൊലീസ് ഹാജരാക്കി.