കോഴിക്കോട് ഫറൂഖ് കോളജിലെ ജൂനിയർ വിദ്യാർഥിയെ റാഗിങ്ങിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കോളജ് ഡേയ്ക്ക് ഷൂസ് ധരിക്കരുതെന്ന മുതിർന്ന വിദ്യാർഥികളുടെ കൽപന അനുസരിച്ചില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം.
കോഴിക്കോട് ഫറൂഖ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥി മാവൂർ സ്വദേശി അംജത്തിനാണ് മർദ്ദനമേറ്റത്. ഇടിക്കട്ട ഉപയോഗിച്ച് മുഖത്ത് മർദ്ദനമേറ്റു. കണ്ണിനും പരുക്കുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജ് ഡേയ്ക്കു ആരും ഷൂസ് ധരിക്കരുതെന്ന് മുതിർന്ന വിദ്യാർഥികൾ ആഹ്വാനം ചെയ്തിരുന്നു. ഇക്കാര്യം, മറന്ന് ഷൂസ് ധരിച്ച് എത്തിയതാണ് മർദ്ദനമേൽക്കാൻ കാരണമെന്ന് അംജത് പറയുന്നു.
റാഗിങ് വിരുദ്ധ സമിതി സജീവമായ ക്യാംപസാണ് ഫറൂഖ് കോളജിലേത്. മർദ്ദനമേറ്റത് റാഗിങ്ങിന്റെ ഭാഗമാണോയെന്ന് പരിശോധിക്കുമെന്ന് റാഗിങ് വിരുദ്ധ സമിതി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസും അന്വേഷിക്കുന്നുണ്ട്.