യുവ നടിയ്ക്കെതിരായ അക്രമത്തില്‍ കേരള സമൂഹം ഞെട്ടിത്തരിച്ച് നില്ക്കവേ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്കുമാര്. ഒരു പ്രമുഖ ചാനല്‍ മേധാവിയില്‍ നിന്ന് തനിയ്ക്ക് മോശം അനുഭവമുണ്ടായെന്നാണ് വരലക്ഷ്മിയുടെ പ്രതികരണം. ട്വിറ്ററിലൂെടയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. നടന് ശരത്കുമാറിന്റെ മകളായ വരലക്ഷ്മി കസബ എന്ന സിനിമയിലൂടെ മലയാളത്തിലും ശ്രദ്ധ നേടിയിരുന്നു.
പറയാതെ വയ്യ എന്ന ആമുഖത്തോടെയാണ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്കുമാര് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വിശദീകരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനലിന്റെ പ്രോഗ്രാം മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി. അവസാനം അയാള്‍ എന്നോട് ചോദിച്ചു. എപ്പോഴാണ് പുറത്ത് വച്ച് കാണാന്‍ കഴിയുക. ജോലി സംബന്ധമായാണോ എന്ന ചോദ്യത്തിന് അല്ല മറ്റു ചില കാര്യങ്ങള്‍ക്ക് എന്നായിരുന്നു ചെറു ചിരിയോടെയുള്ള മറുപടി. അയാളോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും വരലക്ഷ്മി പറയുന്നു. ഞാന്‍ ഒരു സ്ത്രീയാണ്. അല്ലാതെ മാംസ പിണ്ഡമല്ല. അഭിനയം എന്റെ ജോലിയാണ്. ഞാനത് ഇഷ്ടപ്പെടുന്നു. ജോലി ഉപേക്ഷിയ്ക്കാനോ നിലനില്‍പ്പിന് വേണ്ടി വിട്ടുവീഴ്ച്ച ചെയ്യാനോ താന്‍ തയ്യാറല്ലെന്നും വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു. പുരുഷന്മാരുടെ തുറിച്ചു നോട്ടമടക്കമുള്ള മോശം പെരുമാറ്റത്തെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചും വാചാലയാകുന്ന വരലക്ഷ്മി അപമാനിയ്ക്കപ്പെട്ടിട്ടും പുറത്തു പറയാന്‍ ധൈര്യം ഇല്ലാത്ത എല്ലാം പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് തന്റെ ഈ കുറിപ്പെന്നും പറഞ്ഞാണ് അവസാനിപ്പിയ്ക്കുന്നത്. നടന് ശര്തകുമാറിന്റെ മകള്‍ കൂടിയായ വരലക്ഷ്മിയുടെ ട്വീറ്റ് കോളിവുഡില്‍ ചര്‍ച്ചയായി കഴിഞ്ഞു.