ബെംഗളൂരുവിലെ പ്രീ നഴ്സറി സ്കൂളില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ച സ്കൂള്‍ ജീവനക്കാരന് അറസ്റ്റില്‍. പ്രതി കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയ പ്രിന്‍സിപ്പലിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ബെംഗളൂരു ബെലന്തൂരിലെ പ്രീ നഴ്സറി സ്കൂളിലാണ് മൂന്നരവയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായത്. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിച്ചിച്ചതോടെയാണ് മാതാപിതാക്കള്‍ പീഡനവിവരം അറിയുന്നത്. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പോലും കഴിയാത്തവിധം മാനസിക ആഘാതത്തിലായിരുന്നു കുട്ടിയെന്ന് മാതാപിതാക്കള്‍ പറയുന്നു. തുടര്‍ന്ന് സ്കൂളിലെത്തി പ്രതിയെ തിരിച്ചറിഞ്ഞു. സ്കൂള്‍ ജീവനക്കാരനായ മഞ്ജുനാഥിനെ മാറത്തഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുവര്‍ഷമായി സ്കൂളില്‍ ജോലി ചെയ്യുന്ന പ്രതി കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ സ്കൂളിലെ സി സി ടി വി ദൃശ്യങ്ങള്‍ കൈമാറാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയ പ്രിന്‍സിപ്പലിനെയും പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തു. സ്കൂള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രക്ഷകര്‍ത്താക്കള്‍ രംഗത്തെത്തി.