പള്ളിപ്പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കാഞ്ഞിരം സ്വദേശി അഭിജിത് എം. ജോര്‍ജാണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി.
പള്ളിക്കത്തോട് മൈലാടിക്കരയില്‍ ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്റീരിയര്‍ ഡിസൈനറായ അഭിജിത് കുടുംബസമേതം പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയത്. കൂട്ടുകാരന്റെ ക്ഷണപ്രകാരം ഭക്ഷണം കഴിക്കാന്‍ പോയ അഭിജിത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരികെയെത്താതെ വന്നതോടെ കൂട്ടുകാരന്റെ വീട്ടില്‍ അന്വേഷിച്ച് ചെന്നെങ്കിസും ഭക്ഷണം കഴിച്ച് വളരെ നേരത്തെ തന്നെ അഭിജിത് മടങ്ങിയെന്നായിരുന്നു പ്രതികരണം. തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. ഇന്ന് പുലര്‍ച്ചെയാണ് സുഹൃത്തിന്റെ വീടിന് സമീപത്തുള്ള പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ അഭിജിത്തിനെ കണ്ടെത്തിയത്. ചെവിക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. നിലത്തിട്ട് വലിച്ചതിനെ തുടര്‍ന്നുണ്ടായ രീതിയില്‍ പുറത്ത് മുറിവുകളുണ്ട്. ഇതൊക്കെയാണ് ബന്ധുക്കളുടെ സംശയത്തിന് കാരണം
പെരുന്നാളിന് മുമ്പ് മറ്റൊരു ദിവസം അഭിജിത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഇവിടെയെത്തിയിരുന്നു. അന്ന് ചിലര്‍ അഭിജിത്തിന്റെ സുഹൃത്തുക്കളുമായിസംഘര്ഷമുണ്ടാക്കി. ഈ സംഭവിത്തിന് അഭിജിത്തിന്റെ മരണവുമായി ബന്ധമുണ്ടോയെന്നാണ് ബന്ധുക്കളുടെ സംശയം. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ഉള്പ്പെടെയുള്ളവലര്ക്ക് പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.