വല്ലാര്‍പാടത്ത് മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി പനമ്പുകാട് സ്വദേശി ഷഗി പൊലീസില്‍ കീഴടങ്ങി. രണ്ടാഴ്ചയോളം ഒളിവിലായിരുന്ന പ്രതി സെന്‍ട്രല്‍ സി.ഐ മുന്‍പാകെയാണ് കീഴടങ്ങിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഈമാസം ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥിയായ മകനെ സ്കൂളില്‍ എത്തിച്ചശേഷമാണ് മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയെ ഷഗി പീഡിപ്പിച്ചതെന്നാണ് ആരോപണം. അധ്യാപകര്‍ എത്തും മുന്‍പായിരുന്നു പീഡനം. അപ്പോള്‍ സ്കൂളിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ക്ക് ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്കി ശ്രദ്ധതിരിച്ചായിരുന്നു അതിക്രമം. സംഭവം കണ്ട മറ്റുവിദ്യാര്ഥികള് പ്രധാന അധ്യാപികയെ വിവരം ധരിപ്പിച്ചെങ്കിലും അവര്‍ വിവരം രഹസ്യമാക്കിവച്ചുവെന്നും ആരോപണമുണ്ട്. വിവരം പുറത്തറിഞ്ഞതോടെ ചൈല്‍ഡ് ലൈന്‍ അധികൃതരും പൊലീസും സ്കൂളിലെത്തി വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്തു. ഇതോടെ പ്രതി ഒളിവില്‍ പോയി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലും രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോഴാണ് പ്രതി പൊലീസില്‍ കീഴടങ്ങിയത്. ഇയാള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പനമ്പുകാട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷഗിയെ സംഭവത്തെത്തുടര്‍ന്ന് സിപിഎം പുറത്താക്കിയിരുന്നു.