തൃശൂരിലെ ഹോട്ടലില്‍ കള്ളനോട്ട് ഉപേക്ഷിച്ച് മുങ്ങിയ കാമറൂണ്‍ പൗരന്മാര് അറസ്റ്റില്‍. തൃശൂരില്‍ നിന്നുള്ള ഷാഡോ പൊലീസ് സംഘം ബെംഗളൂരുവില്‍ പോയാണ് മൂന്നു കാമറൂണ്‍ പൗരന്മാരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് ആറരലക്ഷം രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തു.
രാജ്യാന്തരതലത്തില്‍ സാമ്പത്തിക കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവരാണിവര്‍. മൂവരും ബാംഗ്ലൂരില്‍ വാടകയ്ക്കു വീടെടുത്തു താമസിക്കുമ്പോഴാണ് കുടുങ്ങിയത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അശോകനാണ് മൂവരേയും ഇന്ത്യയിലേക്ക് ക്ഷണിച്ചത്. സാമ്പത്തിക കുറ്റത്തിന് കാമറൂണ്‍ പൗരന്മാര് മസ്ക്കറ്റ് ജയിലിലായിരുന്നു. അന്ന്, മദ്യം വിറ്റതിന് അശോകനും മസ്ക്കറ്റ് ജയിലിലുണ്ടായിരുന്നു. പിന്നീട്, ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇന്ത്യയില്‍ കള്ളനോട്ടടിച്ച് കാശുണ്ടാക്കാന്‍ പദ്ധതിയിട്ടു. തൃശൂരിലെ ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍ പൊലീസ് പിന്തുടരുന്നതായി സംശയം തോന്നി സ്ഥലംവിട്ടു. അന്ന്, പതിനാറു ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഹോട്ടലില്‍ ഉപേക്ഷിച്ചത്. പിന്നീട്, ബാംഗ്ലൂരിലെ വീട്ടില്‍ പോയി താമസിച്ചു. കള്ളനോട്ട് അടിക്കാനുള്ള പ്രിന്ററും കംപ്യൂട്ടറും കണ്ടെടുത്തു. തൃശൂരില്‍ നിന്നുള്ള ഷാഡോ പൊലീസ് സംഘം ബംഗ്ലൂരുവില്‍ ഇവരുടെ സ്ഥലത്ത് എത്തിയപ്പോള്‍ പ്രതിരോധിച്ചു. പിടിവലിക്കിടെ, പരുക്കേറ്റ പൊലീസുകാര്‍ക്ക് അവിടെ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്കി.
ഇവരെ നാട്ടില്‍ എത്തിച്ച മലയാളി അശോകനെ നേരത്തെ പിടികൂടിയിരുന്നു. ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ മാത്രമായിരുന്നു തെളിവ്. പിന്നെ, എംബസി മുഖേന ശേഖരിച്ച വിവരങ്ങളും. പന്ത്രണ്ടു സിമ്മുകള്‍ ഉപയോഗിച്ചായിരുന്നു ഇവരുടെ ആശയവിനിമയം. വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്തതായാണ് സൂചന. പൊലീസിന്റെ അന്വേഷണം തുടരുകയാണ്.