ഛത്തീസ്ഗഡ് മന്ത്രിയെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വിനോദ് വര്‍മയെ പൊലീസ് അറസ്റ്റുചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് ഗാസിയാബാദിലെ വീട്ടില്‍ നിന്നാണ് ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റുചെയ്തത്. മന്ത്രിക്കെതിരെ ഒളിക്യാമറ ഒാപ്പറേഷന് നടത്തിയശേഷം ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്തുവെന്നാരോപിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നല്കിയ പരാതിയിലാണ് നടപടി. എന്നാല്‍ തന്റെ കയ്യില്‍ മന്ത്രിയുടെ രഹസ്യബന്ധങ്ങളുടെ തെളിവുകള്‍ ഉള്ളതിനാലാണ് ബി.ജെ.പി സര്‍ക്കാര്‍ വേട്ടയാടുന്നതെന്ന് കോടതിയില്‍ പോകുന്ന വഴി വിനോദ് വര്‍മ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
വിനോദിന്റെ ഗാസിയാബാദിലെ വീട്ടില്‍ നിന്ന് അഞ്ഞൂറോളം അശ്ലീല സി.ഡികളും ലാപ് ടോപ്പും രണ്ടുലക്ഷം രൂപയും കണ്ടെത്തിയതായി പൊലീസ് പറയുന്നു. അറസ്റ്റുരേഖപ്പെടുത്തിയശേഷം വിനോദ് വര്‍മയെ ഗാസിയാബാദ് ജില്ലാകോടതിയില്‍ ഹാജരാക്കി. എന്നാല്‍ വിനോദിനെതിരെ നടപടിയെടുക്കാന്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി രാംസേവക് പൈക്ര പ്രതികരിച്ചു. വിനോദ് വര്‍മ ബി.ബി.സി ഹിന്ദി സര്‍വീസിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്.