ഇനിയെങ്കിലും പ്രതി മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുമ്പോള്‍ പൊലീസുകാര്‍ ഒന്നോര്‍ക്കുക. നിങ്ങള്‍ക്കുള്ള പണി പിന്നാലെ വരും. ട്രാഫിക് പൊലീസുകാരനോട് അപമര്യാദയായി പെരുമാറിയതിന് കസ്റ്റഡിയിലെടുത്ത യുവാവ് ലോക്കപ്പില്‍ സെല്‍ഫിയെടുത്തതാണ് പൊലീസിന് തലവേദനയായത്. ഗുരുവായൂര്‍ ടെംപിള്‍ സ്റ്റേഷനിലെ മൂന്നു പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ രാഹുല്‍ ആര് നായര്‍ ഉത്തരവിട്ടു.
വീട്ടുകാരെ അറിയിക്കാന്‍ ഫോണ്‍ നല്കിയപ്പോള് സെല്‍ഫിയെടുത്തെന്ന വിശദീകരണം തൃപ്തികരമല്ല. സുഹൃത്തുക്കള്‍ക്കൊപ്പം ലോക്കപ്പിന്റെ പശ്ചാത്തലത്തില്‍ നിന്ന് സെല്‍ഫിയെടുത്തത് കേരള പൊലീസിന് നാണക്കേടാണെന്ന് മേലുദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തി. ലോക്കപ്പിലുള്ള പ്രതിക്ക് മൊബൈല്‍ ഫോണ്‍ കൊടുത്തത് എന്തിനാണെന്ന മേലുദ്യോഗസ്ഥരുടെ ചോദ്യത്തിന് പൊലീസുകാര്‍ക്ക് ഉത്തരവുമില്ല.
സെല്‍ഫി മാത്രമല്ല, മതസ്പര്‍ധ പരത്തുന്നവിധം വീഡിയോ ക്ലിപ്പെടുത്ത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. അറസ്റ്റിലായ കോട്ടപ്പടി സ്വദേശി അഫ്നാവിസ് ഇപ്പോള്‍ റിമാന്‍ഡിലാണ്. വിദ്യാര്‍ഥികള്‍ക്കു റോഡു കുറുകെ കടക്കാന്‍ വണ്ടികള്‍ തടഞ്ഞ ട്രാഫിക് പൊലീസുകാരനെയാണ് യുവാവ് പച്ചത്തെറി വിളിച്ചത്. സ്റ്റേഷനില്‍ എത്തിയിട്ടും പരാക്രമം തുടര്‍ന്നു. കസേര തല്ലിപ്പൊളിച്ചു. ടോയ്്ലറ്റിന്റെ വാതില്‍ കേടുവരുത്തി. ഇങ്ങനെ, പരാക്രമം കാട്ടിയിട്ടും പൊലീസ് അനങ്ങാതിരുന്നതാണ് ‘പണിയായത്’.