കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ബംഗാളിലെ ജയ്പായ്ഗുഡി സ്വദേശി ദീപ്കര് ആണ് മരിച്ചത്. സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വൈകിട്ട് അഞ്ചുമണിയോടെയാണ് കലൂര്‍ പൊറ്റക്കുഴി ജങ്ഷനു സമീപം ഇതര സംസ്ഥാന തൊഴിലാളിയായ ദീപ്കറിന് കുത്തേറ്റത്. പൊറ്റക്കുഴിയിലെ ഇറച്ചിക്കടയിലെ ജോലിക്കാരനാണ് ബംഗാളിലെ ജയ്പായ്ഗുഡി സ്വദേശിയായ ദീപ്കര്. ഇതേ ഇറച്ചിക്കടയിലെ ജോലിക്കാരും ബംഗാള്‍ സ്വദേശികളുമായ രാജു, നീരജ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
അഞ്ചരയോടെയാണ് ദീപ്കറിന് കുത്തേറ്റവിവരം സുഹൃത്തുക്കള്‍ ഇറച്ചിക്കടയുടമയെ ഫോണില്‍ വിളിച്ചറിയിച്ചത്. ആറുമണിയോടെ ദീപ്കറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുമ്പോഴേക്കും രക്തം വാര്‍ന്ന് മരണം സംഭവിച്ചിരുന്നു.
തിങ്കളാഴ്ച ദിവസങ്ങളില്‍ ഇറച്ചിവെട്ടുകട പ്രവര്‍ത്തിക്കാറില്ല. അവധിദിനമായതിനാല്‍ മൂന്നുപേരും ചേര്‍ന്ന് രാവിലെ മുതല്‍ മദ്യപാനം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തിനിടെ ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൊല്ലപ്പെട്ടയാളും സുഹൃത്തുക്കളും തമ്മില്‍ ഏതെങ്കിലും വിഷയത്തില്‍ മുന്‍വൈരാഗ്യം ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. മുപ്പത്തിരണ്ടുകാരനായ ദീപ്കര് കഴിഞ്ഞ ഏഴുവര്‍ഷമായി ഇവിടെ ജോലിചെയ്ത് വരികയായിരുന്നു